തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മരുമകൻ എന്ത് ആവശ്യപ്പെട്ടാലും പണം അനുവദിക്കുന്ന ധനമന്ത്രിയാണ് കെ.എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയൊന്നും അതിന് ബാധകമല്ല. റിയാസ് ആവശ്യപ്പെട്ടതോടെ അടുക്കള നവീകരിക്കാൻ ബാലഗോപാൽ നൽകിയത് 95.70 ലക്ഷം.
സർക്കാർ അതിഥി മന്ദിരമായ രാമനിലയത്തിൻ്റെ അടുക്കള നവീകരണവും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക്. അടുക്കള നവീകരണത്തിൻ്റെ ചെലവ് 95.70 ലക്ഷം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ പണം അനുവദിക്കാൻ അനുമതി നൽകിയതോടെ ടൂറിസം വകുപ്പിൽ നിന്ന് അടുക്കള നവീകരണത്തിന് ഈ മാസം 11 ന് ഉത്തരവും ഇറങ്ങി. നിർമ്മാണം പൂർത്തിയാകുമ്പോൾ തുക ഇനിയും ഉയരും എന്നാണ് ലഭിക്കുന്ന സൂചന.
അതേ സമയം കുറച്ചധികം കാലമായി ഊരാളുങ്കലിനെ ഊട്ടിവളർത്തുന്ന തരത്തിലാണോ സർക്കാർ നടപടി എന്ന് തോന്നിപോകുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. കേരളത്തിലെ സർക്കാർ നിർമ്മാണ പ്രവർത്തികളുടെ 90 ശതമാനവും ഇപ്പോൾ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സഹകരണ സംഘത്തിനാണ് ലഭിക്കാറുള്ളത്. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം പതിനായിരം കോടിക്ക് മുകളിലുള്ള പ്രവൃത്തികളാണ് ഊരാളുങ്കലിന് ലഭിച്ചത്.
ക്ലിഫ് ഹൗസിലെ നീന്തൽ കുളം മുതൽ സെക്രട്ടറിയേറ്റിലെ നിർമ്മാണ പ്രവർത്തനവും വിവിധ സർക്കാർ പ്രോജക്റ്റുകളും ഊരാളുങ്കലിനാണ് നൽകിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കൊല്ലം ശ്രീനാരായണ സമുച്ചയത്തിന്റെ തുടർ നടത്തിപ്പ് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയെ ഏൽപ്പിച്ചു.
പരിചയസമ്പന്നാരായ ഒരു ഏജൻസി ഏൽപ്പിച്ച് വർഷം മുഴുവനും ശ്രീനാരായണ സമുച്ചയത്തിന്റെ പരിപാടികൾ നടത്തി അതിന്റെ പ്രവർത്തനം മെച്ചപ്പെടുത്തണം എന്ന് പറയുന്ന ഉത്തരവിൽ ഊരാളുങ്കലിനെ ഉദാഹരിച്ചത് തന്നെ സംശയാസ്പദമായി അവിടെ തുടരുന്നുണ്ട്. അതിനൊപ്പാമാണ് അടുത്ത അടുക്കള നവീകരികരണ കരാറും ഊരാളുങ്കലിനെ ഏൽപ്പിക്കുന്ന നിലപാട് ഉണ്ടായിരിക്കുന്നത്. ഊരാളുങ്കലിന്റെ ജീവാത്മാവ് മുഖ്യമന്ത്രി പിണറായി വിജയൻ പരമാത്മാവ് സിപിഎമ്മുമാണ്.
കേരളത്തിൽ ഇന്ന് സർക്കാരിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഭൂരിഭാഗത്തിന്റെയും ചുമതല ലഭിക്കുന്നത് ഊരാളുലങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ്. ടെണ്ടറില്ലാതെ കോടികളുടെ പ്രവൃത്തികൾ മുഖ്യമന്ത്രി ഊരാളുങ്കലിന് നൽകിയിട്ടുണ്ട്. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണൻ വഴി കോടികളുടെ പ്രവൃത്തികൾ നിയമസഭയിലും ഊരാളുങ്കലിന് ലഭിച്ചു. പിണറായി മുഖ്യമന്ത്രിയായതിനുശേഷം 6511.70 കോടി രൂപയുടെ പ്രവൃത്തികൾ ഊരാളുങ്കലിന് നൽകി എന്നാണ് സഹകരണ മന്ത്രി വി.എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കിയത്.
പിണറായി കാലത്ത് 4681 സർക്കാർ, പൊതുമേഖല പ്രവൃത്തികൾ ഊരാളുങ്കലിന് ലഭിച്ചു. ഇതിൽ 3613 പ്രവൃത്തികളും ടെണ്ടർ കൂടാതെയാണ് ഊരാളുങ്കലിന് ലഭിച്ചത്. സഹകരണ സംഘങ്ങൾ നൽകുന്നതിനേക്കാൾ ഒരു ശതമാനം അധിക പലിശ നിരക്കിൽ സ്ഥിര നിക്ഷേപം സ്വീകരിക്കാനും ഊരാളുങ്കലിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
ഒരു വർഷത്തിൽ കൂടുതൽ കാലയളവിൽ സ്വീകരിക്കുന്ന സ്ഥിര നിക്ഷേപങ്ങൾക്ക് സാധാരണ പൗരൻമാർക്ക് 8.5 ശതമാനവും മുതിർന്ന പൗരൻമാർക്ക് 9 ശതമാനം നിരക്കിലും ഊരാളുങ്കൽ പലിശ നൽകും. 2023 ഫെബ്രുവരി 28 വരെ 2255.37 കോടി രൂപയുടെ സ്ഥിര നിക്ഷേപം ഊരാളുങ്കലിൽ ഉണ്ട്.
ശ്രീരാമകൃഷ്ണന്റെ മകൾ മുതൽ സിപിഎമ്മിന്റെ നൂറുകണക്കിന് വിശ്വസ്തർ വരെ ഊരാളുങ്കലിൽ ജോലി ചെയ്യുന്നുണ്ട്. പിണറായി മുഖ്യമന്ത്രി കസേരയിൽ തുടർന്നാൽ ഭാവിയിൽ സെക്രട്ടറിയേറ്റിന്റെ നടത്തിപ്പും ഊരാളുങ്കലിനെ ഏൽപിച്ചാൽ അൽഭുതപ്പെടേണ്ട.