പലപ്പോഴും നാം പാചകത്തിൽ അറിയാതെ വരുത്തുന്ന തെറ്റുകൾ, അല്ലെങ്കിൽ ചില പാചക രീതികൾ ആരോഗ്യപ്രശ്‌നങ്ങൾ വരുത്താൻ വഴിയൊരുക്കാറുണ്ട്. ഇത്തരത്തിൽ ഒന്നാണ് പുളിയുള്ള കറികൾ. പലതരത്തിലാണ് പുളി ഉപയോഗിച്ച് കറികൾ തയ്യാറാക്കുന്നത്. ഇത്തരം കറികളിൽ നാം പുളിയ്‌ക്കൊപ്പം പല ചേരുവകളും ഉപയോഗിയ്ക്കുന്നു. അതിലൊന്നാണ് ഉപ്പ് . പുളിയുള്ള കറികളിൽ ഉപ്പിടുന്നത് നിസാരമായി കാണരുത്.
ശ്രദ്ധിച്ചില്ലെങ്കിൽ വലിയ അപകടമായി മാറുന്ന ഒരു ചേരുവയാണ് ഉപ്പ്. പുളിയുള്ള കറികളാണെങ്കിൽ നമ്മുടെ വായിലെ രുചിമുകുളങ്ങൾക്ക് ആദ്യം പിടിച്ചെടുക്കാൻ സാധിയ്ക്കുന്നത് ആ പുളിയുടെ രുചിയാണ്. അതിനാൽ കറിയിൽ ചേർക്കുന്ന ഉപ്പിന്റെ രുചി പെട്ടന്ന് തിരിച്ചറിയാൻ സാധിക്കില്ല. പ്രത്യേകിച്ചും കൂടുതൽ പുളിയെങ്കിൽ എത്ര ഉപ്പിട്ടാലും ഉപ്പ് കുറവെന്നാണ് നമുക്ക് തോന്നുക. സാധാരണ നാം ഇടുന്ന ഉപ്പ് പുളി കൂടുതലുള്ള കറികളിൽ ഇട്ടാലും ഉപ്പ് കുറവാണെന്ന് തോന്നും. ഇതിനാൽ നാം കൂടുതൽ ഉപ്പ് ഇത്തരം കറികളിൽ ചേർക്കുകയും ചെയ്യും. ഇത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്കാണ് വഴിയൊരുക്കുന്നത്.
അതായത് നാം അറിയാതെ അമിതമായി ഇടുന്ന ഉപ്പ് നമ്മുടെ ശരീരത്തിൽ ബിപി പോലുള്ള പ്രശ്‌നങ്ങൾ വർദ്ധിപ്പിക്കാൻ കാരണമാകും. അത് മാത്രമല്ല, ശരീരത്തിൽ കൂടുതൽ വെള്ളം കെട്ടിക്കിടക്കുക പോലുള്ള പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് വഴി ഉണ്ടായേക്കാം. അമിതമായ ഉപ്പ് ആരോഗ്യത്തിന് ദോഷം തന്നെയാണ്. പല രീതിയിലെ ദോഷവും ഇത് വരുത്തും. ഇതിനുള്ള പരിഹാരം എന്തെന്നാൽ പാകത്തിന് പുളി മാത്രം ചേർക്കുകയെന്നതാണ്.
പുളി കൂടുന്തോറും ഉപ്പിന്റെ രുചി കുറഞ്ഞ് നിൽക്കും. പാകത്തിന് പുളിയെങ്കിൽ ഒരു പരിധി വരെ ഈ പ്രശ്‌നം പരിഹരിയ്ക്കാൻ സാധിയ്ക്കും. ഇനി പുളി കൂടുതലായി ഉപ്പ് കുറവാണെന്ന് തോന്നിയാലും കൂടുതൽ ഉപ്പ് ചേർക്കാതെ ആ രുചിയിൽ തന്നെ ഭക്ഷണം കഴിക്കുകയെന്നതാണ് അടുത്ത പരിഹാരം. പുളിയുള്ള കറികൾ തയ്യാറാക്കുമ്പോൾ നാം ഇക്കാര്യം ശ്രദ്ധിയ്ക്കുക തന്നെ വേണം. അല്ലെങ്കിൽ കൂടുതൽ ഉപ്പ് ശരീരത്തിലെത്തി പല തരത്തിലെ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇത് ഇടയാക്കുന്നു.