നടി കസ്തൂരിയെ ഈ മാസം 29 വരെ റിമാൻഡ് ചെയ്തു. തെലുങ്കർക്കെതിരായ അധിക്ഷേപ പരാമർശത്തിലാണ് നടിയും ബിജെപി അനുഭാവിയുമായ കസ്തൂരിയെ റിമാൻഡ് ചെയ്തത്. ‘രാഷ്ട്രീയ അരാജകത്വം അവസാനിക്കട്ടെ’ എന്നാണ് കസ്തൂരി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഹൈദരാബാദിലെ സിനിമാ നിർമ്മാതാവിന്റെ വീട്ടിൽ നിന്ന് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. റോഡ് മാർഗ്ഗമാണ് കസ്തൂരിയെ ചെന്നൈയിലെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്. കാറിൽ നിന്ന് ചിരിച്ചു കൊണ്ടാണ് കസ്തൂരി പുറത്തിറങ്ങിയത്. ആ സമയം നടി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നില്ല. അതേസമയം, കസ്തൂരി മാപ്പ് പറയണമെന്നാണ് പല കോണുകളിൽ നിന്നും ഉയരുന്ന ആവശ്യം. 300 വർഷം മുൻപ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായിരുന്നവരാണ് തെലുങ്കർ എന്ന പരാമർശത്തിൽ ചെന്നൈ എഗ്മൂർ പൊലീസാണ് കസ്തൂരിക്കെതിരെ കേസെടുത്തത്.