വയനാട്: ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 658.42 കോടി; ഒരു രൂപ പോലും ചെലവാക്കിയില്ലെന്ന് CMDRF വെബ്സൈറ്റ്

തിരുവനന്തപുരം: വയനാട് ഉരുൾപ്പൊട്ടലുണ്ടായിട്ട് 4 മാസം പിന്നിട്ടു . എന്നിട്ടും ഇതുവരെയും വയനാട്ടുകാർക്ക് അർഹതപ്പെട്ട സഹായതുക നൽകാൻ ഇരു സർക്കാരിനെ കൊണ്ടും സാധിച്ചിട്ടില്ല. പരസ്പരം സഹായതുകയുടെ അനുമതിയെ ചൊല്ലി ന്യായവാദങ്ങൾ ഉന്നയിക്കുക എന്നത് മാത്രമാണ് ഇരു സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകുന്നത്.

ദുരന്തമുഖത്ത് മാധ്യമങ്ങളുടെ സാനിധ്യത്തിൽ ഞങ്ങളുണ്ട് കൂടെയെന്ന് വയനാട്ടുകാർക്ക് ദൈര്യം നൽകിയതാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും മുഖ്യമന്ത്രി പിണറായി വിജയനും. പക്ഷേ സഹായം എന്ന രീതിയിൽ പല തരത്തിലുളള തുക അനുവദിക്കുമെന്നറിയിച്ചതല്ലാതെ കൃത്യമായൊരു ഫണ്ട് അനുവദിക്കുന്നതിൽ ഒരു നിലപാടെടുക്കാൻ പോലും ഇരു സർക്കാരിനെ കൊണ്ടും സാധിച്ചിട്ടില്ല എന്നതാണ് വസ്തുത.

വയനാട് സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ ഇതുവരെ 658.42 കോടി ഇതുവരെ ലഭിച്ചു. എന്നാൽ ദുരിതാശ്വാസ നിധിയിൽ നിന്നും വയനാടിന് പണം ഒന്നും കൊടുത്തിട്ടില്ലെന്ന് CMDRF വെബ്സൈറ്റ് സാക്ഷ്യപ്പെടുത്തുന്നു. ജൂലൈ 30 നാണ് വയനാട്ടിൽ ദുരന്തം ഉണ്ടായത്.

1129.74 കോടി രൂപയാണ് കോവിഡ് കാലത്ത് ദുരിതാശ്വാസ നിധിയിൽ എത്തിയത്. ഇതിൽ ചെലവാക്കിയത് 1115.15 കോടി. കോവിഡ് കാലത്ത് കിട്ടിയ തുകയിൽ 18.59 കോടി ചെലവഴിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ കിടക്കുന്നു എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.

പ്രളയസഹായമായി ദുരിതാശ്വാസ നിധിയിൽ ലഭിച്ചത് 4970.29 കോടിയാണ്. ചെലവാക്കിയത് 4738.77 കോടിയും. ഇതിലും 231. 52 കോടി ചെലവഴിക്കാതെ കിടക്കുന്നു. കേന്ദ്ര സർക്കാരിൽ നിന്ന് പണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം കോടതിയിൽ വരെ എത്തി കഴി‍ഞ്ഞു. എന്നാൽ കേന്ദ്ര സഹായം നൽകാൻ ഇനിയും വൈകുമെന്നാണ് കേന്ദ്ര നിലപാട്.

കേരളത്തിന് അല്ലാത്ത പല സാഹയ തുകയും നൽകിയിട്ടുണ്ടെന്നും സിഎംഡിആർഎഫ് പോലുള്ള സംസ്ഥാ സഹായ നിധിയിൽ നിന്ന് തുക വിനിയോ​ഗിച്ച് കൂടേ എന്ന് കേന്ദ്രം ചോദിക്കുന്നു. മറുവശത്ത് സംസ്ഥാന സർക്കാർ കേന്ദ്രത്തിൽ നിന്ന് അവകാശപ്പെട്ട തുകയാണ് ചോദിക്കുന്നത് ഉപദേശം നൽകാനായിരുന്നുവെങ്കിൽ എന്തിന് കേന്ദ്രം സഹായം വേണമെന്ന് പറയുന്നു സംസ്ഥാന ഫണ്ട് മാത്രം മതിയാവില്ല എന്നെല്ലാമാണ് സംസ്ഥാന സർക്കാർ വാദം.

കേന്ദ്ര സഹായം വൈകുന്നതിൽ കടുത്ത അതൃപ്തി അറിയിച്ച് മന്ത്രി കെ.എൻ ബാല​ഗോപാൽ ഉൾപ്പെടെ രം​ഗത്ത് എത്തിയിരുന്നു. കേന്ദ്ര സർക്കാർ നിലപാടിൽ നീതികരണമില്ലാത്ത കടുത്ത വിവേചനമാണ്‌ പ്രകടമാകുന്നതെന്ന്‌ ധനമന്ത്രി പറഞ്ഞു. മലയാളികളോട് ഇത്ര വൈരാഗ്യം പുലർത്താൻ തക്കവണ്ണം എന്തു തെറ്റാണ് ചെയ്‌തിട്ടുള്ളതെന്ന്‌ കേന്ദ്ര സർക്കാർ വ്യക്തമാക്കണമെന്നും കേരളം ഇന്ത്യയിലാണ് എന്ന് കേന്ദ്രസർക്കാരിനെ ഓർമ്മിപ്പിക്കേണ്ട സാഹചര്യമാണ് ഓരോ ദിവസവും സംജാതമാകുന്നതെന്നും കെഎൻ ബാല​ഗോപാൽ.


വയനാട് ദുരന്ത ബാധിതരുടെ കണ്ണീരൊപ്പാൻ കാലണ പോലും നൽകില്ലെന്ന കേന്ദ്ര നിലപാട് മലയാളികളോടുള്ള കൊടിയ അനീതിയാണ്. തങ്ങൾക്ക് എന്ത് ധിക്കാരവും ഈ രാജ്യത്ത് കാണിക്കാമെന്ന അഹന്ത കലർന്ന സമീപനമാണ്‌ കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്‌. നാന്നൂറോളം മനുഷ്യരുടെ ജീവൻ അപഹരിക്കുകയും നൂറിലധികം പേരെ കാണാതാവുകയും ചെയ്ത ഈ മഹാദുരന്തത്തോട്‌ കേന്ദ്രസർക്കാർ കടുത്ത നീതി നിഷേധമാണ്‌ കാട്ടുന്നത്‌.

വയനാടുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ ദുരന്തങ്ങൾ നടന്ന സംസ്ഥാനങ്ങൾക്ക് പോലും വലിയ തുകകൾ അനുവദിച്ചു നൽകിയപ്പോൾ കേരളത്തിനു കേന്ദ്രം നൽകിയത് വട്ടപ്പൂജ്യമാണെന്നും ബാലഗോപാൽ പറഞ്ഞു. ചുരുക്കി പറഞ്ഞാൽ സഹായതുകയുടെ പേരിൽ ഇരു സർക്കാരും വാദങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കുകയാണെന്ന്.

അപ്പോഴും ഇതിനൊരു തീരുമാനമുണ്ടാകാൻ കാത്ത് നിൽക്കുന്ന ഒരുപറ്റം മനുഷ്യരുണ്ട്. ഉറ്റവരേയും ഉടയവരേയും നഷ്ടമായി വീടും നാടും നഷ്ടമായി സർക്കാരിൽ മാത്രം പ്രതീക്ഷയർപ്പിക്കുന്ന ചില മനുഷ്യർ. അവരെ സർക്കാർ ഇനിയെങ്കിലും പരി​ഗണിക്കുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments