
ആരാധകർക്കു മുൻപിൽ കാണിക്കുന്ന നിഷ്കളങ്ക മുഖമല്ല യഥാർഥത്തിൽ ധനുഷിന് ഉള്ളത്. ധനുഷ് ഒരു വൈരാഗ്യ ബുദ്ധിക്കാരൻ. ധനുഷിനെതിരെ ആഞ്ഞടിച്ച് നയൻതാര രംഗത്ത്.
നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യാനിരിക്കുന്ന നയൻതാര–വിഘ്നേശ് ശിവൻ വിവാഹ ഡോക്യുമെന്ററിയുടെ ട്രെയിലറിൽ നാനും റൗഡി താൻ എന്ന സിനിമയുടെ ചില ബിടിഎസ് ദൃശ്യങ്ങൾ ഉപയോഗിച്ചെന്നു കാട്ടി ധനുഷ് നയൻതാരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ധനുഷിനെതിരെ ആഞ്ഞടിച്ച് നയൻതാര രംഗത്ത് എത്തിയത്.
ചിത്രത്തിലെ പാട്ടുകൾ ഡോക്യുമെന്ററിയിൽ ഉപയോഗിക്കാൻ ധനുഷിന്റെ നിർമാണക്കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ലെന്ന് നയൻതാര പറയുന്നു. മാത്രവുമല്ല, ഈ ആവശ്യം പരിഗണിക്കുന്നത് മനഃപൂർവം വൈകിക്കുകയും ചെയ്തെന്ന് നയൻതാര വെളിപ്പെടുത്തി.

നയൻതാരയെ നായികയാക്കി വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന സിനിമ നിർമിച്ചത് ധനുഷ് ആയിരുന്നു. ആ സിനിമയുടെ സെറ്റിൽ വച്ചാണ് നയൻതാരയും വിഘ്നേശും പ്രണയത്തിലാകുന്നത്. അതുകൊണ്ടു തന്നെ ആ സിനിമയെക്കുറിച്ച് വിവാഹ ഡോക്യുമെന്ററിയിൽ പരാമർശിക്കുന്നുണ്ട്.

ഒടുവിൽ, ഡോക്യുമെന്ററിയുടെ ട്രെയിലർ പുറത്തു വന്നപ്പോൾ നാനും റൗഡി താൻ എന്ന സിനിമയുടെ ബി.ടി.എസ് ദൃശ്യങ്ങൾ ട്രെയിലറിൽ ഉപയോഗിച്ചത് പകർപ്പവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ധനുഷ് നയൻതാരയ്ക്ക് നോട്ടീസ് അയച്ചു. ഇന്റർനെറ്റിൽ ഇതിനോടകം പ്രചരിച്ച ചില ദൃശ്യങ്ങളാണ് ട്രെയിലറിൽ ഉപയോഗിച്ചതെന്ന് നയൻതാര പറയുന്നു. വെറും മൂന്ന് സെക്കൻഡ് ദൃശ്യങ്ങൾക്ക് 10 കോടി നഷ്ടപരിഹാരമാണ് ധനുഷ് ആവശ്യപ്പെട്ടത്.
ധനുഷിന്റെ പകപോക്കലാണ് ഈ പ്രവൃത്തിക്കു പിന്നിലെന്നും സിനിമയിലെ മുഖമല്ല ജീവിതത്തിൽ നടനുള്ളതെന്നും നയൻതാര വെളിപ്പെടുത്തുന്നു. ധനുഷിനെ അഭിസംബോധന ചെയ്തുകൊണ്ട് ഔദ്യോഗിക പേജിൽ പങ്കുവച്ച തുറന്ന കത്തിലൂടെയാണ് നയൻതാര ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ധനുഷിന്റേത് വെറും പകർപ്പാവകശ പ്രശ്നമല്ലെന്നും വെറും പകപോക്കലാണെന്നും നയൻതാര തുറന്നടിച്ചു.

നാനും റൗഡി താൻ എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ തന്നെ വളരെ മോശം സമീപനമാണ് ധനുഷിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന് നയൻതാര പറയുന്നു. എന്നാൽ, ധനുഷിന്റെ കണക്കുക്കൂട്ടലുകൾക്ക് വിപരീതമായി ചിത്രം വൻവിജയമായി. ധനുഷിന്റെ പ്രൊഡക്‌ഷൻ കമ്പനിക്ക് വലിയ ലാഭം ഉണ്ടായെങ്കിലും അതിൽ ധനുഷിന് ഒട്ടും സന്തോഷം ഉണ്ടായിരുന്നില്ലെന്ന് നയൻതാര പറയുന്നു. ചിത്രത്തിന്റെ വിജയാഘോഷത്തിൽ ധനുഷിന്റെ സാന്നിധ്യം ഇല്ലാതിരുന്നതിന്റെ കാരണം മറ്റൊന്നല്ലെന്ന് നയൻതാര ചൂണ്ടിക്കാട്ടി.