KeralaNews

തൃശൂർ പൂരം: എഡിജിപിയുടെ റിപ്പോർട്ടിൽ ഡിജിപിയുടെ ഇടപെടൽ: അജിത് കുമാറിന് തിരിച്ചടി

തിരുവനന്തപുരം: തൃശൂർ പൂരം നടത്തിപ്പിൽ എഡിജിപി എം.ആർ.അജിത്കുമാറിന്റെ മേൽനോട്ടത്തിൽ വീഴ്ചയുണ്ടായെന്ന് ഡിജിപി എസ്.ദർവേഷ് സാഹിബ് മുഖ്യമന്ത്രിയെ അറിയിച്ചു. ഇതു പരാമർശിച്ചുള്ള ആമുഖക്കുറിപ്പോടെയാണ് എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് അദ്ദേഹം മുഖ്യമന്ത്രിക്കു കൈമാറിയത്.

എല്ലാവശങ്ങളും റിപ്പോർട്ടിലില്ലെന്നും വിശദ അന്വേഷണമാകാമെന്നും ശുപാർശചെയ്തെന്നാണ് വിവരം. റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപിക്കാനാണു സാധ്യത. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ തീരുമാനം നിർണായകമാകും.

പൂരത്തിന്റെ സമയത്ത് തൃശൂർ കമ്മിഷണറായിരുന്ന അങ്കിത് അശോകനെ മാത്രം കുറ്റപ്പെടുത്തുന്നതായിരുന്നു അജിത്കുമാറിന്റെ റിപ്പോ‍ർട്ട്. സാധാരണ കീഴുദ്യോഗസ്ഥർ നൽകുന്ന റിപ്പോർട്ട് അതേപടി ആഭ്യന്തര വകുപ്പിനു കൈമാറുകയാണ് ഡിജിപി ചെയ്തിരുന്നത്. എന്നാൽ, ഈ വിഷയത്തിൽ അന്വേഷണ ഉദ്യോഗസ്ഥനെതിരെ  ആക്ഷേപമുള്ളതിനാൽ റിപ്പോ‍ർട്ട് ഡിജിപി വിശദമായി പരിശോധിച്ചു.

പൂരത്തിന് മൂന്നുദിവസം മുൻപെത്തിയ അജിത്കുമാർ കേരള പോലീസ് അക്കാദമിയിലാണ് സുരക്ഷായോഗം നടത്തിയത്. കമ്മിഷണർ അങ്കിത് അശോകൻ അവതരിപ്പിച്ച സുരക്ഷാക്രമീകരണത്തെ തള്ളിയശേഷം എ.ഡി.ജി.പി.തന്നെ സുരക്ഷാക്രമീകരണങ്ങൾ അവതരിപ്പിക്കുകയായിരുന്നു. ഈ ക്രമീകരണങ്ങളെ പല ഉദ്യോഗസ്ഥരും ചോദ്യംചെയ്തിരുന്നെങ്കിലും മുകളിൽനിന്നുള്ള നിർദേശമാണിതെന്ന് കമ്മിഷണർ പറഞ്ഞെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ഇതിന്റെ വയർലെസ് സന്ദേശങ്ങളും ഉണ്ടായെന്നാണ് സൂചന.

ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ നിർദേശിച്ചിട്ടും എഡിജിപി 5 മാസം കാലതാമസം വരുത്തി. പൂരം നടത്തിപ്പിന് എസ്പിയും പരിചയസമ്പന്നരായ കീഴുദ്യോഗസ്ഥരും ചേർന്നു തയാറാക്കിയ ക്രമീകരണങ്ങളിൽ അവസാനനിമിഷം മാറ്റം വരുത്തി. സംഭവം നിയന്ത്രണത്തിന് അപ്പുറമായിട്ടും തൃശൂർ പൊലീസ് ക്ലബ്ബിലുണ്ടായിരുന്ന എഡിജിപി ഇടപെട്ടില്ലെന്നു ഡിജിപിയുടെ റിപ്പോർട്ടിൽ പറയുന്നതായാണു സൂചന. മന്ത്രിമാർ വിളിക്കാൻ ശ്രമിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫായിരുന്നു. പുലർച്ചെ മൂന്നരയോടെ അദ്ദേഹം തൃശൂരിൽനിന്നു മൂകാംബിക ക്ഷേത്രത്തിലേക്കു പോകുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *