ടെക്‌സാസ്; 2024 ലെ ഏറ്റവും വലിയ ബോക്‌സിംഗ് മത്സരത്തില്‍ ആരാധകരെ നിരാശരാക്കി തോല്‍വി ഏറ്റുവാങ്ങി മൈക്ക് ടൈസണ്‍. യു ട്യൂബറും ശക്തനായ എതിരാളിയുമായിരുന്ന 27 കാരന്‍ ബോക്‌സര്‍ ജെയ്ക്ക് പോളിനോടാണ് മൈക്ക് ടൈസണ്‍ പരാജയപ്പെട്ടത്. ടെക്സാസിലെ ആര്‍ലിംഗ്ടണില്‍ വെള്ളിയാഴ്ച രാത്രിയില്‍ നടന്ന മത്സരത്തിലാണ് ഈ പരാജയം. 58 കാരനായ മൈക്ക് ടൈസണ്‍ ക്ഷീണിതനായതും വേഗത കുറഞ്ഞതുമാണ് പോളിന് വിജയമായത്. അവസാനത്തില്‍ ജയം തര്‍ക്ക വിഷയമായിരുന്നതിനാല്‍ മത്സരത്തില്‍ ജഡ്ജിമാരുള്‍പ്പെട്ടെ ഇടപെട്ട് ഐക്യകണ്‌ഠേനയാണ് ജെയ്ക്ക് പോളിനെ വിജയിയായി പ്രഖ്യാപിച്ചത്.ആരാധകരിലും ഇത് വലിയ ദുഖത്തിന് കാരണമായി.
പോളിന്റെ പ്രൊഫഷണല്‍ കരിയറില്‍ ഏഴ് നോക്കൗട്ടുകള്‍ ഉള്‍പ്പെടെ 11-1 ആയി മെച്ചപ്പെടുകയും തന്റെ കരിയറിലെ വലിയ ഒരു ശക്തനെ പരാജയപ്പെടുത്തുന്ന ആറാമത്തെ പോരാളിയാവുകയും ചെയ്തിരിക്കുകയാണ്. ഈ വര്‍ഷം ജൂലൈയിലാണ് ഇരുവരും തമ്മില്‍ മത്സരം നടത്താന്‍ ആദ്യം തീരുമാനിച്ചത്. എന്നാല്‍ ആ സമയത്ത് ടൈസണിന് അള്‍സര്‍ വന്നതോടെ അത് മാറ്റി വയ്ക്കുകയായിരുന്നു. മൈക്കല്‍ സ്പിങ്ക്‌സ്, ലാറി ഹോംസ് തുടങ്ങിയ ഇതിഹാസങ്ങളെ വരെ തോല്‍പ്പിച്ച അതിശക്തനായ ബോക്‌സിങ് ചാമ്പ്യനായിരുന്നു മൈക്ക് ടൈസണ്‍.
2003 ഫെബ്രുവരിയില്‍ ക്ലിഫോര്‍ഡ് എറ്റിയെനെ ആദ്യ റൗണ്ട് നോക്കൗട്ടിലൂടെ പരാജയപ്പെടുത്തിയതാണ് അദ്ദേഹത്തിന്റെ അവസാന പ്രൊഫഷണല്‍ വിജയം. 2020 നവംബറില്‍ ജോണ്‍സ് ജൂനിയറിനെതിരായ ഒരു എക്‌സിബിഷന്‍ മത്സരമായിരുന്നു അദ്ദേഹത്തിന്റെ അവസാന പോരാട്ടം, അത് സമനിലയില്‍ അവസാനിക്കുകയാണ് ചെയ്തത്. ഈ മത്സരത്തില്‍ മൈക്ക് ടൈസണ് 20 മില്യണ്‍ ഡോളറും ജെയ്ക്ക് പോളിന് 40 മില്യണ്‍ ഡോളറും ലഭിക്കും. വിജയിച്ച ശേഷം ഇരുവരും സൗഹൃദപരമായിട്ട് തന്നെയാണ് പിരിഞ്ഞത്. മത്സരത്തിന്റെ അവസാന മിനിറ്റുകളില്‍ ജെയ്ക്ക് പോള്‍ മൈക്ക് ടൈസനെ വണങ്ങുക പോലും ചെയ്തിരുന്നു.