കഴിഞ്ഞ ഒരു മാസമായി കേരളക്കര ചർച്ച ചെയ്ത കണ്ണൂർ എഡിഎം നവീന്‍ബാബുവിന്റെ മരണത്തില്‍ പോലീസ് അന്വേഷണം എങ്ങുമെത്താതെ ഇഴഞ്ഞു നീങ്ങുന്നു. പി പി ദിവ്യയുടെ ജയില്‍വാസവും രാജിയും ഒഴിച്ചാല്‍ എഡിഎമ്മിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തിലെ പല കാര്യങ്ങളിലും ദൂരൂഹത തുടരുകയാണ്. പള്ളിക്കുന്നിലെ ക്വാട്ടേഴ്‌സില്‍ നവീന്‍ ബാബു ജീവനൊടുക്കിയിട്ട് ഒരുമാസം കഴിഞ്ഞിട്ടും തുടക്കത്തില്‍ ഉയര്‍ന്ന പല ചോദ്യങ്ങള്‍ക്കുമാണ് ഇപ്പോഴും ഉത്തരമില്ലാതെ തുടരുന്നത്.
പോലീസ് അന്വേഷണത്തിലെ വീഴ്ചകള്‍ക്കെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നപ്പോള്‍ കേസ് പ്രത്യേക അന്വേഷണ സംഘത്തെ ഏല്‍പിച്ചെങ്കിലും ഈ അന്വേഷണവും യഥാര്‍ഥ വിഷയങ്ങളിലേക്ക് കടക്കാതെ വെണ്ണപ്പാളി പോലെ പുറമേ മാത്രമാണ് അന്വേഷണം നടക്കുന്നത്. എഡിഎമ്മിന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ എസ്‌ഐടി പത്തനംതിട്ടയില്‍ ചെന്നത് ഇന്നലെ മാത്രമാണ്. അതേസമയം എഡിഎമ്മിനെ തെറ്റുകാരനായി ചിത്രീകരിക്കും വിധമുള്ള വിവരങ്ങള്‍ പല കോണുകളില്‍ നിന്നായി ഇടയ്ക്കിടെ പുറത്തുവരുന്നുമുണ്ട്.
കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ നടത്തിയ ചില പ്രസംഗങ്ങളും അത്തരത്തിലാണ്. ആരാണ് യഥാര്‍ഥത്തില്‍ പെട്രോള്‍ പമ്പിനായി പണം മുടക്കുന്നത് എന്നത് അടക്കം ഇപ്പോഴും പുറത്തുവന്നിട്ടില്ല. മാത്രമല്ല, ദിവ്യ ഈ വിഷയത്തില്‍ എടുത്ത അമിത താല്‍പ്പര്യത്തിന് പിന്നില്‍ എന്താണെന്നതും ഇപ്പോഴും ചോദ്യമായി ഉയരുന്നു. കൈക്കൂലി നല്‍കാന്‍ സ്വര്‍ണം പണയപ്പെടുത്തിയെന്നാണ് പ്രശാന്ത് പറഞ്ഞത്. അതങ്ങനെയൊരാള്‍ക്ക് എങ്ങനെയാണ് പമ്പ് തുടങ്ങാന്‍ പണം എന്ന കാതലായ ചോദ്യത്തില്‍ അടക്കം ഇപ്പോഴും മൗനമാണ്.
പ്രശാന്തിന് പിന്നില്‍ ബിനാമികളിലേക്ക് അന്വേഷണം തിരിഞ്ഞിട്ടുമില്ല. കൈക്കൂലി നല്‍കിയെന്നു പി.പി.ദിവ്യയോടു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കാന്‍ പറഞ്ഞെന്നാണു പ്രശാന്തിന്റെ മൊഴി. കൈക്കൂലിക്ക് വിജിലന്‍സിലാണു പരാതിപ്പെടേണ്ടത്. എന്നിട്ടും എന്തിനായിരിക്കും ഈ വഴി സ്വീകരിക്കാന്‍ ദിവ്യ പറഞ്ഞത് ? പരാതിയിലെ പേരും ഒപ്പുമെല്ലാം പ്രശാന്തിന്റെ ഔദ്യോഗിക രേഖകളിലെ ഒപ്പില്‍ നിന്ന് വ്യത്യസ്തമാണെന്നു വ്യക്തമായിട്ടും ഇതിലെ നിജസ്ഥിതി പുറത്തു കൊണ്ടുവരുന്നതിലും അന്വേഷണം ഇല്ലാത്ത അവസ്ഥയാണുള്ളത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ ലഭിക്കാത്ത ഈ പരാതിയുടെ പേരില്‍ വിജിലന്‍സ് എങ്ങനെ 14ന് പ്രശാന്തിന്റെ മൊഴിയെടുത്തു? കൈക്കൂലി നല്‍കുന്നതും കുറ്റമാണെന്നിരിക്കെ പ്രശാന്തിനെതിരെ അന്വേഷണം ഇല്ലാത്തത് എന്തുകൊണ്ട്? എഡിഎമ്മിന്റെ ഇന്‍ക്വസ്റ്റ് നടക്കുമ്പോള്‍ തുടക്കത്തില്‍ പൊലീസ് ജനപ്രതിനിധികളെപ്പോലും അകറ്റിനിര്‍ത്തിയത് എന്തിന്? കലക്ടറുടെ മൊഴിയെടുക്കാന്‍ പൊലീസ് ഒരാഴ്ച കാത്തുനിന്നത് എന്തിന്? എഡിഎമ്മിന്റെ കുടുംബത്തിനു നല്‍കിയ കത്തിലെ കാര്യങ്ങള്‍ക്കു വിരുദ്ധമായി എഡിഎമ്മിനെ സംശയനിഴലിലാക്കുന്ന മൊഴി മുദ്രവച്ച കവറില്‍ സ്റ്റേറ്റ്‌മെന്റായി നല്‍കാന്‍ കലക്ടറെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
എഡിഎം റെയില്‍വേ സ്റ്റേഷനില്‍ എത്തിയില്ലെന്നതിനു സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ടവര്‍ ലൊക്കേഷനും തെളിവായി ഉണ്ടായിട്ടും പ്ലാറ്റ്‌ഫോമില്‍ ഇരുന്നുവെന്നും ട്രാക്കിലുടെ നടന്നുവെന്നുമെല്ലാമുള്ള കഥകള്‍ പൊലീസ് ചില മാധ്യമങ്ങള്‍ക്കു നല്‍കിയതിന്റെ ലക്ഷ്യമെന്താണ്? ഇങ്ങനെ നിരവധി ചോദ്യങ്ങൾ ഉയരുന്നുണ്ട്. എന്നാല്‍ പൊലീസിലും സ്‌പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിലും വിശ്വാസം നഷ്ടപ്പെട്ട സാഹചര്യത്തിലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിലേക്ക് എഡിഎമ്മിന്റെ കുടുംബം എത്തിയത്.
എഡിഎം നവീന്‍ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതില്‍ ഗൂഢാലോചന സംശയിച്ച് കുടുംബവും സജീവമായി രംഗത്തുണ്ട്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരന്‍ പ്രവീണ്‍ ബാബുവുമാണ് ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കിയത്. മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി മൊഴി രേഖപ്പെടുത്തിയത്. മൊഴിയെടുപ്പ് ഒരു മണിക്കൂര്‍ 50 മിനിറ്റ് നീണ്ടു. രണ്ടാം തവണയാണ് അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കുന്നത്.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നവീന്‍ ബാബുവിന്റെ സംസ്‌കാരത്തിന് മുമ്പ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് കുടുംബം മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാന്‍ പൊലീസിന് സാധിച്ചിരുന്നില്ല. നാടിനും വീടിനും പ്രിയങ്കരനായ നവീന്‍ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാകാതെ തളര്‍ന്നിരിക്കുന്ന കുടുംബത്തിന് ആശ്വാസമായി പ്രിയപ്പെട്ടവരുടെ സ്‌നേഹവാക്കുകള്‍ മാത്രം. കണ്ണൂര്‍ എഡിഎം കെ.നവീന്‍ ബാബു വിട വാങ്ങിയിട്ട് ഇന്ന് ഒരുമാസമായിട്ടുണ്ട്.
ഒക്ടോബര്‍ 15ന് പുലര്‍ച്ചെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തലേന്നു നടന്ന യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തനിക്കെതിരെ ഉന്നയിച്ച വേദനിപ്പിക്കുന്ന പരാമര്‍ശങ്ങളും ആരോപണങ്ങളും അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. അന്നു രാത്രി പത്തനംതിട്ടയ്ക്ക് വരാനിരുന്ന നവീന്‍ ബാബു ട്രെയിന്‍ കയറിയിരുന്നില്ല. അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവരാന്‍ അതിരാവിലെ തന്നെ ഭാര്യ മഞ്ജുഷയും മക്കളും ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയിരുന്നു. എന്നാല്‍ മലബാര്‍ എക്‌സ്പ്രസ് വന്നുപോയിട്ടും നവീനെ കാണാതായതോടെ മഞ്ജുഷ സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവര്‍ നടത്തിയ അന്വേഷണത്തില്‍ മരണവിവരം പുറത്തറിയുകയുമായിരുന്നു.