ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോ ആരംഭിക്കാന്‍ ഇനിയും മാസങ്ങളേറെയുണ്ടെങ്കിലും ആരൊക്കെയാകും മത്സരാർത്ഥികളായി എത്തുകയെന്ന ചർച്ചകള്‍ക്ക് ഇപ്പോള്‍ തന്നെ തുടക്കം കുറിച്ച് കഴിഞ്ഞു. സീരിയല്‍ താരങ്ങള്‍ മുതല്‍ വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സർമാർ വരെ പതിവ് പോലെ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ അവതാരക സ്ഥാനത്ത് നിന്നും മോഹന്‍ലാല്‍ മാറുമോയെന്ന ചർച്ചകളും സജീവമാണ്.
വിജയകരമായ ആറ് സീസണുകള്‍ പൂർത്തിയാക്കിക്കൊണ്ടാണ് ബിഗ് ബോസ് മലയാളം ഏഴാം സീസണിലേക്ക് കടക്കുന്നത്. ആറാം സീസണ്‍ നിരവധി വിവാദങ്ങള്‍ക്കും വിമർശനങ്ങള്‍ക്കും ഇടയാക്കിയിരുന്നെങ്കിലും പ്രേക്ഷകരുടെ എണ്ണത്തില്‍ പുതിയ ഉയരങ്ങള്‍ താണ്ടാന്‍ ജിന്റോ കിരീടം ചൂടിയ സീസണ് സാധിച്ചു. മറ്റ് പല ഭാഷകളിലും നേരത്തെ തന്നെ ബിഗ് ബോസ് തുടങ്ങിയെങ്കിലും ഏറെ വൈകിയാണ് ലോക പ്രശസ്ത ഷോ മലയാളത്തിലേക്ക് എത്തുന്നത്. തുടക്കത്തില്‍ ഒരു സംശയത്തോടെയായിരുന്നു മലയാളി പ്രേക്ഷകർ ബിഗ് ബോസിനെ കണ്ടത്.
ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു ചാനലില്‍ സംപ്രേക്ഷണം ചെയ്ത മലയാളി ഹൌസ് എന്ന റിയാലിറ്റി ഷോ സൃഷ്ടിച്ച നെഗറ്റീവ് ഇംപാക്ട് ബിഗ് ബോസിനേയും ബാധിക്കുമോയെന്ന ആശങ്കയും ശക്തമായിരുന്നു. മത്സരാർത്ഥികളുടെ പ്രകടനത്തോടൊപ്പമോ അതിനേക്കാളേറെയോ ബിഗ് ബോസ് മലയാളികള്‍ക്ക് പ്രിയങ്കരമാക്കിയതിന് പിന്നിലെ പ്രധാന കാരണം മോഹന്‍ലാല്‍ എന്ന അവതാരകനായിരുന്നു. സല്‍മാന്‍ ഖാന്റെയും കമല്‍ഹാസന്റേയും അഗ്രസീവ് സ്റ്റൈല്‍ മോഹന്‍ലാല്‍ പുറത്തെടുക്കുന്നില്ലെന്ന വിമർശനം ചിലർക്കുണ്ടെങ്കിലും കുടുംബപ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്നതായിരുന്നു താരത്തിന്റെ തനത് ശൈലി.
ആറാം സീസണിന്റെ തുടക്കത്തിലും മോഹന്‍ലാല്‍ അവതാരക സ്ഥാനത്ത് നിന്നും മാറുമോയന്ന ചർച്ചകള്‍ സജീവമായിരുന്നു. സുരേഷ് ഗോപി അടക്കമുള്ളവരുടെ പേരുകളായിരുന്നു അന്ന് പ്രധാനമായും ഉയർന്ന് കേട്ടത്. എന്നാല്‍ സകല അഭ്യൂഹങ്ങളേയും തള്ളിക്കൊണ്ട് മോഹന്‍ലാല്‍ തന്നെ സീസണ്‍ 6 ലും അവതാരകനായി. മോഹന്‍ലാല്‍ മാറുകയാണെങ്കില്‍ പകരം ആര് എന്ന ചോദ്യവും ശക്തമാണ്. പ്രേക്ഷകരെ പിടിച്ച് നിർത്തുന്നതില്‍ വീക്കെന്‍ഡില്‍ എത്തുന്ന അവതാരകന് പ്രത്യേക സ്ഥാനമുണ്ട്.
സിനിമയുടെ തിരക്കുകള്‍ ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ ഒഴിയുകയാണെങ്കില്‍ പൃഥ്വിരാജിനാണ് ചിലർ സാധ്യത കാണുന്നത്. എന്നാല്‍ മോഹന്‍ലാലിനെ കൈവിടാതിരിക്കാന്‍ ബിഗ് ബോസ് അധികൃതർ അവസാന നിമിഷം ശ്രമിച്ചേക്കുമെന്നതില്‍ സംശയമില്ല. ഒരു ഘട്ടത്തില്‍ മോഹന്‍ലാലിന് പകരക്കാരിയായി മംമ്ത മോഹന്‍ദാസിനേയും പരിഗണിച്ചിരുന്നുവെന്നാണ് ചില ബിഗ് ബോസ് കേന്ദ്രീകൃത യൂട്യൂബ് ചാനലുകള്‍ അവകാശപ്പെടുന്നത്. അതേസമയം തമിഴില്‍ പുതിയ സീസണില്‍ കമല്‍ഹാസന് പകരം വിജയ് സേതുപതിയാണ് അവതാരകനായി എത്തിയിരിക്കുന്നത്. ഇത് തന്റെ അവസാന ബിഗ് ബോസ് സീസണായിരിക്കുമെന്ന് കന്നഡ ബിഗ് ബോസിന്‍റെ അവതാരകന്‍ കിച്ച സുദീപും വ്യക്തമാക്കിയിട്ടുണ്ട്.