കേരളത്തെ വെല്ലുവിളിക്കുന്ന നടപടി; വയനാട് ദുരന്തപശ്ചാത്തലത്തിൽ കേന്ദ്ര സഹായം വൈകുന്നതിനെതിരെ മന്ത്രി കെ. രാജൻ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിലുള്ള കേന്ദ്ര സഹായം ഇനിയും വൈകും. ദുരന്ത പശ്ചാത്തലത്തിൽ കേന്ദ്രത്തിൽ നിന്ന് അനുവദിച്ച് നൽകേണ്ടുന്ന പ്രത്യേക ഫണ്ടിന്റെ കാര്യത്തിൽ ഇനിയും വ്യക്തതയിലെത്താൻ കേന്ദ്ര സർക്കാരിന് സാധിച്ചിട്ടില്ലെന്നാണ് വിവരമെന്ന് റവന്യൂ മന്ത്രി. ലെവൽ 3 ദുരന്ത വിഭാഗത്തിൽ ഉൾപ്പെടുത്തുമോയെന്നും തീരുമാനമായില്ല.

സഹായം വൈകിപ്പിക്കുന്ന തരത്തിലുള്ള കേന്ദ്ര നടപടികൾ കേരളത്തോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി കെ. രാജൻ. കേരളം ആവശ്യപ്പെട്ട കാര്യങ്ങള്‍ക്ക് കൃത്യമായ മറുപടി പോലും കേന്ദ്രം നല്‍കിയില്ല. എസ‍് ഡി ആര്‍ എഫില്‍ തുകയുണ്ടെന്ന കേന്ദ്രത്തിന്‍റെ വാദം തെറ്റിദ്ധരിപ്പിക്കുന്നതാണ്. കേന്ദ്രത്തിന്റെ നിലപാട് അംഗീകരിക്കില്ലെന്നും കേരളത്തിന്‍റെ അവകാശം നേടിയെടുക്കുന്നതിന് വേണ്ടി മുന്നോട്ട് പോകുമെന്നും കെ രാജന്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം കേന്ദ്ര നിലപാട് ശരിയല്ലെന്ന് ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും പ്രതികരിച്ചു. കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയാണ്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ദുരിതാശ്വാസ സഹായം നല്‍കുന്നുണ്ട്. കേന്ദ്രത്തിന്‍റെ അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി നില്‍ക്കണം. കേരളത്തിന്‍റെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടായിട്ടില്ല.

ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. കേന്ദ്രസഹായം കേരളത്തിന്‍റെ അവകാശമാണ് ഔദാര്യം അല്ലെന്നും വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നിൽക്കണമെന്നും കെ വി തോമസ് പറഞ്ഞു.

അതേസമയം, വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസും വിവിധ ഹർജികളും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments