വൻ തോതിൽ ചാവേർ ഡ്രോണുകൾ നിർമ്മിക്കാൻ ഉത്തരവിട്ട് ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ. റഷ്യയുമായുള്ള രാജ്യത്തിന്റെ ആഴത്തിലുള്ള സൈനിക സഹകരണത്തെക്കുറിച്ചുള്ള ആശങ്കകൾ ലോക വ്യാപകമായി വർദ്ധിച്ചു കൊണ്ടിരിക്കവെയാണ് കിം ജോങ് ഉനിന്റെ ഭാഗത്ത് നിന്ന് ഇത്തരമൊരു നടപടികൂടെ ഉണ്ടായിരിക്കുന്നത്.
സ്‌ഫോടക വസ്തുക്കൾ വഹിക്കാൻ സാധിക്കുന്ന ആളില്ലാ ഡ്രോണുകളെയാണ് ചാവേർ ഡ്രോണുകൾ എന്ന് വിളിക്കുന്നത്. ശത്രുക്കളുടെ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തി വലിയ നാശം വിതയ്‌ക്കാൻ സാധിക്കുന്ന ഗൈഡഡ് മിസൈലുകളാണ് ഇവ.
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ഉത്തരകൊറിയ ആദ്യമായി ചാവേർ ഡ്രോണുകൾ നിർമ്മിച്ച് പരീക്ഷണം നടത്തുന്നത്. റഷ്യയുമായുള്ള പ്രതിരോധ സഹകരണത്തിലൂടെയാണ് ഉത്തരകൊറിയയ്‌ക്ക് ഇതിനുള്ള സാങ്കേതിക സഹായങ്ങൾ ഉൾപ്പെടെ ലഭിച്ചതെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടത്തിയ പരീക്ഷണത്തിൽ ആളില്ലാ ഡ്രോണുകൾ ലക്ഷ്യസ്ഥാനത്ത് എത്തിയതായും കെസിഎൻഎ റിപ്പോർട്ട് ചെയ്തിരുന്നു.
അത് പോലെ തന്നെ അതിന് മുമ്പ് ഉത്തര കൊറിയ നിർമ്മിച്ച ‘ അൺമാൻഡ് ഏരിയൽ ടെക്‌നോളജി കോംപ്ലക്‌സിന്റെ ‘(യുഎടിസി)യുടെ പരീക്ഷണത്തിന് സാക്ഷ്യം വഹിക്കാൻ കിം ജോങ് ഉൻ നേരിട്ടെത്തിയതെല്ലാം വലിയ രീതിയിൽ ചർച്ചയായിരുന്നു.
കരയിലും കടലിലുമുള്ള ലക്ഷ്യങ്ങൾ തകർക്കാൻ രൂപകൽപ്പന ചെയ്ത ആളില്ലാ ഡ്രോണുകളാണ് യുഎടിസി. യുഎടിസിയുടെ പരീക്ഷണത്തിന് പിന്നാലെയാണ് ചാവേർ ഡ്രോണുകളുടെ ഉത്പാദനം വലിയ തോതിൽ ഉയർത്താനുള്ള നിർദേശം കൂടെ കിം ജോങ് ഉൻ നൽകിയതായി സ്‌റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്യ്തിരിക്കുന്നത്.
ഇതിന് മുമ്പ് ഓഗസ്റ്റിൽ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ട ചിത്രങ്ങളിൽ ഡ്രോണുകൾ ഇസ്രായേലി നിർമ്മിത “HAROP” ഡ്രോൺ, റഷ്യൻ നിർമ്മിത “ലാൻസെറ്റ് -3”, ഇസ്രായേലി “ഹീറോ 30” എന്നിവയോട് സാമ്യമുള്ളതായാണ് വിദഗ്ധർ പറയുന്നത്. ഉത്തര കൊറിയ ഈ സാങ്കേതികവിദ്യകൾ റഷ്യയിൽ നിന്ന് നേടിയിരിക്കാം, അല്ലാ എങ്കിൽ ഇസ്രായേലിൽ നിന്നുള്ള ഹാക്കിംഗിലൂടെയോ മോഷണത്തിലൂടെയോ അവ ആക്‌സസ് ചെയ്തതായിരിക്കാം എന്നാണ് വിലയിരുത്തൽ.
അതായത് വ്ളാഡിമിർ പുടിന്റെ യുദ്ധത്തെ പിന്തുണയ്ക്കാൻ റഷ്യക്ക് ആയുധങ്ങളും സൈനികരും നൽകുമ്പോൾ, കിം തന്റെ വിപുലീകരിക്കുന്ന ആണവായുധങ്ങളും മിസൈൽ പദ്ധതികളും ആവർത്തിച്ച് പുറത്തെടുക്കുന്നത് ഇരു കൊറിയകളും തമ്മിലുള്ള സംഘർഷസാധ്യത വർദ്ധിപ്പിക്കുന്നു എന്ന് വ്യക്തം. അതേ സമയം വർദ്ധിച്ചു വരുന്ന ഭീഷണിയെ ചെറുക്കാൻ ദക്ഷിണ കൊറിയയും ശ്രമിക്കുന്നതായാണ് വിവരം. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം ദക്ഷിണ കൊറിയയും ഡ്രോൺ ഓപ്പറേഷൻ കമാൻഡ് ആരംഭിച്ചിട്ടുണ്ട്.