അയ്യപ്പന്മാർക്കായി ഫ്രീ WIFI സൗകര്യമൊരുക്കി BSNL

ശബരിമല: മണ്ഡല മാസം അയ്യപ്പ ഭക്തന്മാർക്ക് വമ്പൻ ഓഫർ ഒരുക്കിയിരിക്കുകയാണ് ബിഎസ്എൻഎൽ. ശബരി മലയിലെത്തുന്ന അയ്യപ്പന്മാർക്ക് സൗജന്യ WIFI എന്ന ആശയവുമായാണ് ബിഎസ്എൻഎൽ രം​ഗത്ത് എത്തിയിരിക്കുന്നത്. തിരുവിതാംകൂർ ദേവസ്വം ബോർഡുമായി സഹകരിച്ചായിരിക്കും ബിഎസ്എൻഎൽ ഭക്തർക്കായുള്ള കണക്ടി‌വിറ്റി നെറ്റ്‌വർക്ക് സാധ്യമാക്കുക.

പദ്ധതിയുടെ ഉദ്ഘാടനം പമ്പയിൽ നടന്ന ചടങ്ങിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ നിർവഹിച്ചു. ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ്.പ്രശാന്ത്, ബിഎസ്എൻഎൽ ഡെപ്യൂട്ടി ജനറൽ മാനേജർ കെ ജ്യോതിഷ്‌കുമാർ, ജെ ടി ഒ അഭിലാഷ് എന്നിവർ പങ്കെടുത്തു.

ഒരു സിമ്മിൽ അര മണിക്കൂർ വീതം സൗജന്യമായി വൈഫൈ ഉപയോഗിക്കാനാണ് സൗകര്യമൊരുക്കിയത്. നിലയ്ക്കൽ മുതൽ സന്നിധാനം വരെ 48 ഇടങ്ങളിൽ വൈ-ഫൈ ഹോട്ട് സ്‌പോട്ടുകൾ സ്ഥാപിച്ചതായി ബി എസ് എൻ എൽ ശബരിമല ഓഫീസ് ഇൻ ചാർജ് എസ്. സുരേഷ് കുമാർ പറഞ്ഞു. ഇതിന് പുറമെ ശബരിമല പാതയിൽ 4ജി ടവറുകളും ബിഎസ്എൻഎൽ ഒരുക്കിയിട്ടുണ്ട്.

ബിഎസ്എൻഎൽ വൈ-ഫൈ എങ്ങനെ സെറ്റ് ചെയ്യാം?

ബിഎസ്എൻഎല്ലിന്റെ വൈ-ഫൈ സേവനം ലഭിക്കാൻ ഫോണിലെ വൈ-ഫൈ ഓപ്ഷൻ ആദ്യം ഓണാക്കുക. ഇതിന് ശേഷം സ്‌ക്രീനിൽ കാണിക്കുന്ന ബിഎസ്എൻഎൽ വൈ-ഫൈ (BSNL WiFi) അല്ലെങ്കിൽ ബി എസ് എൻ എൽ പി എം വാണി (bsnlpmwani) എന്ന നെറ്റ്‌വർക്ക് ഓപ്ഷൻ സെലക്ട് ചെയ്യുക.

കണക്ട് ചെയ്യുമ്പോൾ തുറന്നുവരുന്ന വെബ്പേജിൽ പത്ത് അക്ക മൊബൈൽ നമ്പർ ടൈപ്പ് ചെയ്ത് Get PIN ക്ലിക്ക് ചെയ്യുക. ഫോണിൽ എസ്എംഎസ് ആയി ലഭിക്കുന്ന ആറക്ക പിൻ നമ്പർ എന്റർ ചെയ്താൽ ഉടനടി ബിഎസ്എൻഎൽ വൈ-ഫൈ ലഭിക്കും.

300 എംബിപിഎസ് വരെ വേഗം ലഭിക്കുന്ന ഒപ്റ്റിക്കൽ ഫൈബർ കണക്റ്റിവിറ്റിയാണ് ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും വിന്യസിച്ചിരിക്കുന്നത്. ബി.എസ്.എൻ.എൽ. അടുത്തിടെ തുടങ്ങിയ എഫ്.ടി.ടി.എച്ച്. റോമിംഗ് സൗകര്യത്തിൽ വീട്ടിലെ കണക്ഷൻ ഉപയോഗിച്ച് ഇന്റർനെറ്റ് ഉപയോഗിക്കാനും കഴിയും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments