
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിൽ ബിജെപിയുടെയും അവർ ഉൾപ്പെടുന്ന സഖ്യമായ മഹായുതിയുടെയും പ്രതീക്ഷകൾക്ക് മേൽ കരിനിഴൽ വീഴ്ത്തി ലോക്പോൾ സർവേ ഫലം. സംസ്ഥാനത്ത് ബിജെപിക്ക് അടിതെറ്റുമെന്നും പ്രതിപക്ഷ സഖ്യമായ എംവിഎ അഥവാ മഹാവികാസ് അഘാഡി വലിയ മുന്നേറ്റം തന്നെ കാഴ്‌ച വയ്ക്കുമെന്നുമാണ് ലോക്പോൾ മെഗാ സർവേയിൽ പ്രവചിച്ചിരിക്കുന്നത്.
വ്യക്തമായ ഭൂരിപക്ഷത്തോടെ എംവിഎ അധികാരത്തിൽ എത്തുമെന്നാണ് സർവേയിൽ പറയുന്നത്. മഹായുതി സഖ്യത്തിന് വിചാരിച്ച അത്രയും മികച്ച രീതിയിൽ തിരഞ്ഞെടുപ്പിൽ ശോഭിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുന്ന കണക്കുകളാണ് മെഗാ സർവേ പറയുന്നത്. സംസ്ഥാനത്ത് കേവല ഭൂരിപക്ഷം കടക്കുന്ന രീതിയിലുള്ള പ്രകടനം എംവിഎ നടത്തുമെന്നാണ് ലോക്പോൾ പ്രവചിക്കുന്നത്. നിലവിലെ ഭരണകക്ഷി കൂടിയായ മഹായുതി ആകെ 115 മുതൽ 128 സീറ്റുകൾ വരെ നേടാനാണ് സാധ്യതയെന്നാണ് സർവേ പറയുന്നത്.
എന്നാൽ പ്രതിപക്ഷ സഖ്യമായി എംവിഎ വമ്പൻ മുന്നേറ്റം തന്നെ നടത്തുമെന്ന് സീറ്റ് നില സൂചിപ്പിക്കുന്നു. 151 മുതൽ 162 സീറ്റുകൾ വരെയാണ് മഹാവികാസ് അഘാഡിക്ക് ലോക്പോൾ പ്രവചിക്കുന്നത്. മറ്റുള്ളവർക്ക് കേവലം 5 മുതൽ 14 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തോളം നീണ്ടുനിന്ന സുദീർഘമായ പ്രക്രിയയിലൂടെയാണ് സർവേ നടത്തിയതെന്നാണ് ലോക്പോൾ വ്യക്തമാക്കുന്നത്.
ഇതിനായി ആകെയുള്ള 288 മണ്ഡലങ്ങളിൽ ഓരോന്നിൽ നിന്നും 300 സാമ്പിളുകൾ വീതം ശേഖരിച്ചുവെന്നാണ് അവർ വ്യക്തമാക്കുന്നത്. സീറ്റ് നിലയിൽ മാത്രമല്ല മഹാരാഷ്ട്രയിൽ വോട്ട് വിഹിതത്തിലും മഹായുതി സഖ്യത്തെ എംവിഎ വലിയ വ്യത്യാസത്തിൽ മറികടക്കും എന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. എംവിഎ 43 മുതൽ 46 ശതമാനം വരെ വോട്ട് നേടുമെന്നാണ് സർവേ പറയുന്നതെങ്കിൽ മഹായുതിക്ക് ലഭിക്കുക 37 മുതൽ 40 ശതമാനം വരെയാണ് വോട്ട് ലഭിക്കുക, മറ്റുള്ളവർക്ക് ഇത് 16 മുതൽ 19 ശതമാനം വരെ ആയിരിക്കും.
അതേസമയം, നവംബർ 20ന് ഒറ്റഘട്ടമായാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഫലം വരുന്നതാവട്ടെ നവംബർ 23നായിരിക്കും. ആകെ 288 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. 145 സീറ്റുകൾ നേടുന്നവർക്ക് സംസ്ഥാനത്ത് ഭരിക്കാൻ കഴിയും. നിലവിൽ ബിജെപി, ശിവസേന ഷിൻഡെ വിഭാഗം, എൻസിപി അജിത് പവാർ വിഭാഗം എന്നിവർ ഒരുമിച്ചുള്ള മഹായുതി സഖ്യമാണ് സംസ്ഥാനം ഭരിക്കുന്നത്. മറുവശത്ത് മഹാവികാസ് അഘാഡി എന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസ്, ശിവസേന യുബിടി, എൻസിപി ശരദ് പവാർ എന്നിങ്ങനെയുള്ള കക്ഷികളാണ് ഉൾപ്പെടുന്നത്.
ഇരുകൂട്ടരും കാര്യമായ പ്രചാരണം തന്നെയാണ് സംസ്ഥാനത്ത് നടത്തി വരുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സഖ്യം മഹാരാഷ്ട്രയിൽ വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. ഇത് ആവർത്തിച്ചുകൊണ്ട് ഇക്കുറി നിയമസഭയിൽ മികച്ച വിജയം നേടാൻ കഴിയുമെന്നാണ് അവർ പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ എന്നിവർ ഉൾപ്പെടെ താരപ്രചാരകരെ ഇറക്കിയാണ് ബിജെപി പ്രചാരണം നയിക്കുന്നത്. ലോക്‌സഭയിലേതിന് സമാനമായ തിരിച്ചടി ഉണ്ടായാൽ അത് ബിജെപിക്ക് വലിയ രീതിയിൽ ദോഷം ചെയ്യും.