മലയാള സിനിമയിലെ ഓൾ റൗണ്ടർ ആണ് നടൻ പൃഥ്വിരാജ് സുകുമാരൻ. മലയാളവും തമിഴും ഹിന്ദിയും കടന്ന് തെലുങ്കിൽ വരെ താരം തന്റെ സാന്നിധ്യമറിയിച്ച് കഴിഞ്ഞു. ഈയടുത്തായിരുന്നു താരം വീണ്ടും മുംബൈയിൽ അത്യാഢംബര വീട് സ്വന്തമാക്കിയത്. മുംബൈയിൽ ഇത് നടന്റെ രണ്ടാമത്തെ വീടാണ്. ബോളിവുഡിലെ എ ലിസ്റ്റിൽ പെട്ടവരുടെ പ്രിയകേന്ദ്രവും മുംബൈയിലെ ഏറ്റവും പോഷ് ഏരിയയിൽ ഒന്നുമായ പാലി ഹില്ലിലാണ് പൃഥ്വിരാജ് പുതിയ വീട് സ്വന്തമാക്കിയിരിക്കുന്നത്.
റിപ്പോർട്ടുകൾ പ്രകാരം ഒരു ആഡംബര ഡ്യൂപ്ലക്സ് അപ്പാർട്ട്മെന്റാണ് ഇത്. പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പേരിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്. 30. 6 കോടി രൂപയാണ് വീടിന്റെ വിലയെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ബാന്ദ്രാ വെസ്റ്റിലെ പ്രീമിയം ഹൗസിംഗ് സൊസൈറ്റിയായ നരേയ്ൻ ടെറസസ്സിലാണ് പൃഥ്വിരാജിന്റെ പുതിയ വീട് സ്ഥിതി ചെയ്യുന്നത്. 3, 4, 5 ബി എച്ച് കെ അപ്പാർട്ട്മെന്റുകളാണ് ഇവിടെയുള്ളത്.
പ്രശാന്ത സുന്ദരമായ അന്തരീക്ഷവും ഹൈ എൻഡ് പ്രോപ്പർട്ടികളുമാണ് ഈ ഹൗസിംഗ് സൊസൈറ്റിയുടെ പ്രത്യേകത. റിപ്പോർട്ടുകൾ പ്രകാരം 2971 ചതുരശ്ര അടിയാണ് വീടിന്റെ വിസ്തീർണ്ണം. 431 ചതുരശ്ര അടി വിസ്തീർണത്തിൽ നാലു കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്. അതേസമയം, പാലി ഹില്ലിൽ തന്നെയാണ് പൃഥ്വിരാജ് ആദ്യം സ്വന്തമാക്കിയ വീടും സ്ഥിതിചെയ്യുന്നത്. പാലി ഹില്ലിലെ പരിശ്രാം ബൈ രസ്തംജീയിലെ 17 കോടി വിലമതിപ്പുള്ള ലക്ഷ്വറി അപ്പാർട്ട്മെന്റാണ് ഇത്. കെട്ടിടത്തിന്റെ പതിനാറാം നിലയിലാണ് വസതി സ്ഥിതിചെയ്യുന്നത്. 2109 ചതുരശ്ര അടി വിസ്തീർണ്ണമാണ് വീടിനുള്ളത്. മൂന്ന് കാർ പാർക്കിംഗ് സ്ലോട്ടുകളും ഇവിടെ പൃഥ്വിരാജിനുണ്ട്.