തൊട്ടതെല്ലാം പൊന്നാക്കുന്ന പൃഥ്വിരാജ് സുകുമാരനെ മലയാള സിനിമയുടെ സൂപ്പർ സ്റ്റാറെന്ന് അക്ഷരം തെറ്റാതെ വിളിക്കാം. നടനും നിർമ്മാതാവും സംവിധായകനും ഗായകനുമൊക്കെയായി മലയാളത്തില്‍ നിറഞ്ഞ് നിൽക്കുകയാണ് താരം. പരാജയത്തിന്റെ കയ്പുനീര് രുചിച്ച ആളുകൂടിയാണ് മലയാളികളുടെ സ്വന്തം രാജുവേട്ടൻ. അതുകൊണ്ടുതന്നെ എല്ലാവരെയും കൈയ്യടിപ്പിക്കുന്ന നിലയിലേക്ക് സ്വന്തം അധ്വാനം കൊണ്ട് തന്നെ പൃഥ്വിരാജ് എത്തിയെന്ന് പറയുന്നതാണ് ഉചിതം.
നടൻ സുകുമാരന്റെയും നടി മല്ലികയുടെയും മകനായി 1982 ഒക്ടോബർ 16 നാണ് ജനനം. തിരുവനന്തപുരം സൈനിക് സ്കൂളിലും ഭാരതീയ വിദ്യാഭവനിലും പഠനം പൂർത്തിയാക്കിയശേഷം ഓസ്ട്രേലിയയിൽ വിവര സാങ്കേതിക വിദ്യയിൽ പൃഥ്വിരാജ് ബിരുദ കോഴ്സിനു ചേർന്നു. എന്നാൽ പഠനം പൂർത്തികരിക്കുന്നതിനു മുൻപേ താരം ചലച്ചിത്രവേദിയിലെത്തി. അഭിനയശൈലിയിൽ പിതാവിനെ മാതൃകയാക്കാതെ തൻ്റേതായ ശൈലി പൃഥ്വിരാജ് സ്വീകരിച്ചു.
നടൻ, നിർമ്മാതാവ്, പിന്നണി ഗായകൻ എന്നീ നിലകളിൽ തിളങ്ങുന്ന പൃഥ്വിരാജ് 2002 ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനത്തിലൂടെയാണ് സിനിമ ലോകത്തേക്ക് കാലെടുത്ത് വയ്ക്കുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങൾ മൂലം ഈ ചിത്രത്തിന്റെ റിലീസ് വൈകി. രാജസേനന്റെ നക്ഷത്രക്കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി, സ്റ്റോപ്പ് വയലൻസ് എന്നിവയ്ക്കു ശേഷമാണ് നന്ദനം പുറത്തിറങ്ങിയത്. 2009 ൽ പുറത്തിറങ്ങിയ പുതിയ മുഖം എന്ന ചിത്രം വളരെയധികം ശ്രദ്ധ നേടിയിരുന്നു. അതിന് ശേഷം മലയാള സിനിമാ ലോകത്തെ “ഭാവി സൂപ്പർ സ്റ്റാർ” എന്ന പട്ടവും പൃഥ്വിരാജിനെ തേടിയെത്തി.
2006ൽ വാസ്തവം എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടുമ്പോൾ ആ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു പൃഥ്വിരാജ്. 2013 ൽ അയാളും ഞാനും തമ്മിൽ, സെല്ലുലോയിഡ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ഈ അവാർഡ് രണ്ട് തവണ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായും പൃഥ്വിരാജ് മാറി.
മലയാളത്തിൽ മാത്രമല്ല തമിഴിലും, തെലുങ്കിലും കന്നടയിലും ഹിന്ദിയിലും പൃഥ്വിരാജ് തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. 2005 ൽ “കനാകണ്ടേൻ” എന്ന ചിത്രത്തിലൂടെയാണ് തമിഴ് ചലച്ചിത്ര മേഖലയിൽ താരം അരങ്ങേറ്റം കുറിച്ചത്. 2007 ൽ 3 തമിഴ് ചിത്രങ്ങളാണ് പൃഥ്വിയുടേതായി പുറത്തിറങ്ങിയത്. ഇതിൽ “മൊഴി”യിലെ പ്രകടനം ജനശ്രദ്ധ നേടിയിരുന്നു. 2008 ൽ ഉദയനാണ് താരം എന്ന മലയാളചിത്രത്തിന്റെ തമിഴ് റീമേക്കായ “വെള്ളിത്തിരെ”യിൽ നായകനായി പൃഥ്വി എത്തി. 2009 ൽ ക്ലാസ്മേറ്റ്സിന്റെ തമിഴ് പതിപ്പായ “നിനയ്ത്താലെ ഇനിയിക്കും” പുറത്തിറങ്ങി.
2010 ൽ പുറത്തിറങ്ങിയ “പോലീസ് പോലീസ്” എന്ന ചിത്രത്തിലൂടെയാണ് തെലുങ്കിൽ പൃഥ്വിരാജ് കാലെടുത്തുവയ്ക്കുന്നത്. കൂടാതെ പൃഥ്വിരാജിന്റെ ആദ്യ ഹിന്ദി ചിത്രമായ “അയ്യ” 2012 ഒക്ടോബർ 12 ന് പുറത്തിറങ്ങി. അതേസമയം, സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയും ചലച്ചിത്രവ്യവസായികളുടെ സംഘടനകളും തമ്മിൽ 2004-ൽ രൂക്ഷമായ അഭിപ്രായ വ്യത്യാസമുണ്ടായ വേളയിൽ തിലകൻ, ലാലു അലക്സ്, സുരേഷ് കൃഷ്ണ തുടങ്ങിയ താരങ്ങൾക്കൊപ്പം വിമത ചേരിയിൽ നിലയുറപ്പിച്ച് പൃഥ്വിരാജ് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
എന്നാൽ സുകുമാരന്റെയും മല്ലികയുടെയും മകന് സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നെങ്കിലും നിലനില്‍പ്പ് വളരെ കഠിനമായിരുന്നുവെന്ന് തന്നെ പറയാം. പൃഥ്വി മിണ്ടിയില്ലെങ്കിൽ പോലും എന്തും താരത്തിന്റെ പേരിൽ വിവാദമാക്കുന്ന ഒരു കാലമുണ്ടായിരുന്നു. സോഷ്യല്‍ മീഡിയയുടെ തുടക്കകാലത്ത് ഏറ്റവും അധികം തേജോവധം ചെയ്യപ്പെട്ട നടനാണ് പൃഥ്വി. ക്രിക്കറ്റില്‍ ഇര ശ്രീശാന്തും സിനിമയില്‍ ഇര പൃഥ്വിരാജും എന്നായിരുന്നു അന്നത്തെ സോഷ്യല്‍ മീഡിയ ട്രോളന്മാരുടെ മുദ്രാവാക്യം പോലും. അങ്ങനെയുള്ളടത്തു നിന്നുമാണ് മികച്ചനടൻ ആയി, മികച്ച സംവിധായകനും ഗായകനും ആയി, നിർമ്മാതാവ് ആയി എന്നുവേണ്ട പൃഥ്വി കൈവക്കാത്ത മേഖലകൾ ചുരുക്കം ചിലത് മാത്രമായി മാറിയത്.
സിനിമയില്‍ നിന്ന് പേരും പ്രശസ്തിയും മാത്രമല്ല, ആവശ്യത്തിന് സമ്പാദിക്കാനും പൃഥ്വിയ്ക്ക് സാധിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം ഏകദേശം മുന്നൂറു കോടിക്ക് മുകളിലാണ് താരത്തിന്റെ ആസ്തി. ഒരു സിനിമയ്ക്ക് പൃഥ്വി 3 കോടി മുതല്‍ പത്തു കോടി രൂപവരെയാണ് പ്രതിഫലം വാങ്ങുന്നത്. പൃഥ്വിയുടെ കാര്‍ കളക്ഷൻസ് മാത്രം എടുത്താൽ അത് തന്നെ വരും കോടികളുടെ ആസ്തി. ഒരു തികഞ്ഞ വാഹന പ്രേമി കൂടിയായ താരത്തിന് ലംബോർഗിനി ബിഎംഡബ്ല്യു 7, മെർസിഡീസ് G-വാഗണ്‍, മിനി കൂപ്പര്‍ മുതൽ നാലുകോടിയുടെ പോർഷ സ്പോർട്‌സ് കാറുകൾ വരെയുണ്ട്.
എറണാകുളത്തും തിരുവനന്തപുരത്തും മുംബൈയിലും ആയി ആഡംബര വീടുകൾ ഉള്ള താരം അടുത്തിടെയാണ് മുപ്പതുകോടിക്ക് മുകളിൽ ഉള്ള വീട് മുംബൈയിൽ സ്വന്തമാക്കിയത്. 2011-ലായിരുന്നു പൃഥ്വിയുടെ വിവാഹം. പാലക്കാട്ട് സ്വദേശിയായ സുപ്രിയ മേനോനാണ് പൃഥ്വിരാജിന്റെ ഭാര്യ. ബി ബി സി എക്സ് റിപ്പോർട്ടർ കൂടിയായ സുപ്രിയ തന്നെയാണ് പൃഥ്വിയുടെ ബാക്ക് ബോൺ. ഏക മകൾ അലംകൃത മേനോന്റെ വരവോടെയാണ് താരത്തിന്റെ ജീവിതത്തിൽ ഐശ്വര്യം കൂടിയത് എന്നാണ് ആരാധകർ പറയുന്നത്. എന്തായാലും ഇപ്പോൾ പുതിയ സിനിമ എമ്പുരാന്റെ തിരക്കിലാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ് സുകുമാരൻ.