
എന്റെ മികച്ച സിനിമ ബോക്സ് ഓഫീസിൽ എട്ടുനിലയിൽ പൊട്ടി : പൃഥ്വിരാജ് സുകുമാരൻ
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം സുവർണ കാലഘട്ടമാണ്. കാരണം തുടരെ ഇത്രയധികം സൂപ്പർ ഹിറ്റുകൾ അടുത്തിടെയൊന്നും ഉണ്ടായിട്ടില്ല. എന്നാൽ 100 ക്ലബ്ബിൽ വരെ ഈ വർഷത്തെ ചിത്രങ്ങൾ ഇടം പിടിച്ചെങ്കിലും ചിലർ പണ്ടത്തെ സിനിമകളുമായി ഇപ്പോഴിറങ്ങുന്ന ചിത്രങ്ങളെ താരതമ്യപ്പെടുത്താറുണ്ട്. പത്മരാജൻ, ഭരതൻ, കെ. ജി. ജോർജ് തുടങ്ങിയവരുടെ ചിത്രങ്ങൾക്ക് മുന്നിൽ ഇന്നത്തെ ചിത്രങ്ങൾ ഒന്നുമല്ല എന്നാണ് ചിലർ വാദിക്കാറുള്ളത്. ഇതേപ്പറ്റി നടൻ പൃഥ്വിരാജ് പറയുന്ന വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

“ഞാനത് വിശ്വസിക്കാത്ത ഒരാളാണ്. കാരണം സിനിമ എപ്പോഴും വർത്തമാനകാല സമൂഹത്തിന്റെ ഒരു പ്രതിഫലനമാണ്. അന്നത്തെ സിനിമകൾ സംഭവിച്ചത് അന്നത്തെ സമൂഹം, അന്നത്തെ സാമൂഹിക വ്യവസ്ഥിതികൾ എന്നിവയിൽ നിന്നെല്ലാമാണ്. അതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമകൾ ഉണ്ടാവുന്നത്. ഇന്നത്തെ സാഹചര്യങ്ങളാണ് പുതിയ സിനിമകളെ മോട്ടിവേറ്റ് ചെയ്യേണ്ടത്. പഴയകാല സിനിമകൾ നമുക്ക് ഇൻസ്‌പറേഷനാക്കാം” – പൃഥ്വിരാജ് പറയുന്നു.

“ഇത് പുതിയ കാര്യമൊന്നുമല്ല. എന്റെ തന്നെ കരിയറിൽ തന്നെ സംഭവിച്ചിട്ടുണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സിറ്റി ഓഫ് ഗോഡ് എന്ന ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രം അന്ന് ബോക്സ് ഓഫീസിൽ പരാജയപ്പെട്ട ചിത്രമാണ്. പക്ഷെ ഞാൻ ഇപ്പോഴും വ്യക്തിപരമായി എന്റെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായാണ് അതിനെ കാണുന്നത്. അത് എപ്പോഴും സംഭവിക്കും” – പൃഥ്വിരാജ് പറയുന്നു.