മലയാളത്തിന്റെ ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ സ്റ്റാർ മംമ്ത മോഹൻദാസിന് ഇന്ന് നാല്പതാം പിറന്നാൾ. 1984 നവംബർ 14 ന് കണ്ണൂർ സ്വദേശിയായ അമ്പലപ്പാട്ട് മോഹൻദാസന്റേയും ഗംഗയുടേയും മകളായി ബഹ്റൈനിൽ ജനനം. മലയാളിയാണെങ്കിലും വളർന്നതും പ്ലസ്‌ടു വരെ മംമ്ത പഠിച്ചതും ബഹ്റൈനിലാണ്.
2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന ചിത്രത്തിലൂടെയാണ് മംമ്ത മോഹൻദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. ഈ ചിത്രം വിജയിച്ചില്ലെങ്കിലും ഇതിലെ ഇന്ദിര എന്ന മംമ്‌തയുടെ കഥാപാത്രം ഏറെ ശ്രദ്ധ നേടി. തുടർന്ന് ബസ്സ് കണ്ടക്ടർ, അത്ഭുതം, ലങ്ക, മധുചന്ദ്രലേഖ, ബാബ കല്യാണി തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.
2006 ൽ ശിവപ്പതികാരം എന്ന ചിത്രത്തിലൂടെ തമിഴിലേക്കും മംമ്ത കാലെടുത്തുവച്ചു. 2007 ൽ യമഡോംഗ എന്ന ചിത്രത്തിലൂടെ തെലുങ്കിലും നടി തന്റെ വരവറിയിച്ചു. അതേസമയം, മികച്ച പിന്നണി ഗായിക കൂടിയാണ് മംമ്ത മോഹൻദാസ്. എന്തായാലും പറയാൻ ഒരുപാട് സിനിമകൾ ഒന്നും ചെയ്തിട്ടില്ലെങ്കിലും എന്നെന്നും മലയാളികൾ ഓർത്തിരിക്കുന്ന ഒരുപാട് നല്ല കഥാപാത്രങ്ങൾ മംമ്ത ചെയ്തിട്ടുണ്ട്.