സംസ്ഥാന സർക്കാർ ജീവനക്കാർക്ക് പട്ടട പണിയുന്ന ഭരണമാണ് കേരളത്തിൽ ഇടതുപക്ഷത്തിന്റെ പേരിൽ നടമാടുന്നതെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ എം എസ് ഇർഷാദ് ആരോപിച്ചു. ഐഎഎസ് -ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് പട്ടുമെത്ത നൽകുന്ന ഭരണം ഡിഎ യും ഡിഎ കുടിശ്ശികയും ശമ്പള പരിഷ്ക്കരണവും കുടിശ്ശികയും ലീവ് സറണ്ടറും നിരാകരിച്ചു കൊണ്ട് സാധാരണ സർക്കാർ ജീവനക്കാർക്ക് ശവക്കല്ലറ പണിയുകയാണെന്ന് വാർത്താ കുറിപ്പിൽ ആരോപിച്ചു.
ജുഡീഷ്യൽ ഉദ്യോഗസ്ഥർക്ക് ഡിഎ കൃത്യമായി അനുവദിച്ചു കൊണ്ടും കുടിശ്ശിക പണമായി നൽകിക്കൊണ്ടും കഴിഞ്ഞ ദിവസം ഉത്തരവിറക്കാൻ ഒരു സാമ്പത്തിക പ്രയാസവും സർക്കാരിന് തടസമായില്ല. ഐഎഎസ് ഉദ്യോഗസ്ഥർക്കും ഇത്തരത്തിൽ എത് നിമിഷവും ഉത്തരവിറക്കും. അഷ്ടിക്ക് വകയില്ലാത്തവരാണിവർ എന്ന തിരിച്ചറിവാകുമോ ഭരണകൂടത്തെ ഇങ്ങനെ അനുതാപകരമായ തീരുമാനം കൈക്കൊള്ളാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്നറിയാൻ ജീവനക്കാർക്ക് കൗതുകമുണ്ട്.
2021 ലെ നിരക്കിൽ ഡിഎ വാങ്ങിയാലും ആഡംബര ജീവിതം നയിക്കുന്നവരാണ് സാധാരണ സർക്കാർ ജീവനക്കാർ എന്ന മുൻവിധിയാണോ ഇടതുഭരണത്തിനുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ജീവനക്കാരുടെ എല്ലാ അവകാശങ്ങളും തട്ടിപ്പറിക്കുന്ന ഇടതുമുന്നണി സർക്കാറിന്റെ തീരുമാനങ്ങൾക്ക് പിന്നിൽ എന്താണെന്ന് അധികാരികൾ വ്യക്തമാക്കുക തന്നെ വേണം.
102 മാസത്തെ എൽ ഡി എഫ് ഭരണം ഡി എ കുടിശ്ശിക ഇനത്തിൽ മാത്രം 104 മാസത്തെ തുക കവർന്നു. 19 ശതമാനം വരുന്ന 6 ഗഡു ഡി എ യും ശമ്പള പരിഷ്ക്കരണ കുടിശ്ശികയും അഞ്ചു മാസത്തെ ലീവ് സറണ്ടറും പിടിച്ചെടുത്തു. സർക്കാർ ജീവനക്കാരുടെ പിച്ചച്ചട്ടിയിൽ കൈയിട്ട് വാരി അത് നൽകുന്ന ആനന്ദത്തിൽ അഭിരമിക്കുകയാണ് രണ്ടാം പിണറായി സർക്കാർ.
കടുത്ത വിവേചനത്തിനും കൊടിയ വഞ്ചനക്കും സമാനതകളില്ലാത്ത നീതി നിഷേധത്തിനും ജീവനക്കാർ വിധേയരാകുന്നു ഈ സാഹചര്യത്തിൽ ജീവനക്കാർക്ക് പണിമുടക്കല്ലാതെ വഴിയില്ലെന്നും അതിനായി ഒന്നിച്ചണിനിരക്കണമെന്നും സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്, കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി പുരുഷോത്തമൻ കെ പി, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി എൻ മനോജ്കുമാർ, ജനറൽ സെക്രട്ടറി എസ് പ്രദീപ്കുമാർ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് പി കുമാരി അജിത , ജനറൽ സെക്രട്ടറി എം എസ് മോഹനചന്ദ്രൻ കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡന്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അറിയിച്ചു