InternationalNationalNews

ഭൂമിയിലല്ല ചൊവ്വയിലും ഇന്റർനെറ്റ്

അതിനൂതനമായ കണ്ടുപിടുത്തങ്ങൾ കൊണ്ട് ലോക ശ്രദ്ധ ആകർഷിച്ചയാളാണ് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ടെസ്ലയുടെ മേധാവിയുമായ ഇലോൺ മസ്‌ക്. തന്റെ സ്പേസ് എക്സ് എന്ന കമ്പനിയിൽ കൂടെ പുനരുപയോഗിക്കാവുന്ന റോക്കറ്റുകൾ നിർമ്മിച്ചും ഇലക്ട്രിക് കാറുകൾ ജനപ്രിയമാക്കിയും സാങ്കേതിക വിദ്യയിൽ വിപ്ലവം തന്നെ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് മസ്‌ക്. ഭൂമിയിൽ എവിടെയുള്ളവർക്കും കൃത്രിമ ഉപഗ്രഹ സംവിധാനം ഉപയോഗിച്ച് ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാക്കുന്ന സ്റ്റാർലിങ്ക് പദ്ധതി ഇലോൺ മസ്കിന്റെതാണ്.

ഭൂമിയിലെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്‌ഷ്യം. എന്നാൽ ഭൂമിയിൽ നിന്നും ഒരു പടി കൂടെ കടന്ന്, ചൊവ്വയിലേക്കും തന്റെ ഇന്റർനെറ്റ് സ്വപ്‌നങ്ങൾ വ്യാപിപ്പിച്ചിരിക്കുകയാണ് മസ്‌ക്. ഭൂമിയില്‍ നിന്ന് ഏറെ അകലെയുള്ള ചൊവ്വ ഗ്രഹത്തിനെ ചുറ്റുന്ന കൃത്രിമ ഉപഗ്രഹ നെറ്റ്‌വര്‍ക്ക് സ്ഥാപിക്കുകയാണ് മാർസ് ലിങ്ക് പ്രോഗ്രാമിന്‍റെ ലക്ഷ്യം. ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെ കാണുന്ന ചൊവ്വയില്‍ ഇന്‍റര്‍നെറ്റ് കണക്ഷനും വാര്‍ത്താവിനിമയ സംവിധാനവും ഒരുക്കുകയാണ് മാർസ് ലിങ്കിലൂടെ മസ്‌ക് ലക്ഷ്യമിടുന്നത്.

ചൊവ്വയുടെ ഭ്രമണപഥത്തില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള ആലോചന നാസയുടെ മേല്‍നോട്ടത്തില്‍ നടന്ന മാര്‍സ് എക്‌സ്പ്ലോറേഷന്‍ പോഗ്രാം അനാലിസിസ് ഗ്രൂപ്പ് യോഗത്തിലാണ് സ്പേസ് എക്‌സ് അറിയിച്ചത്. ഭൂമിയില്‍ നിലവിലുള്ള സ്റ്റാര്‍ലിങ്ക് സാറ്റ്‌ലൈറ്റുകളുടെ മാത‍ൃകയിലായിരിക്കും സ്പേസ് എക്‌സ് ചൊവ്വയില്‍ മാര്‍സ്‌ലിങ്ക് സ്ഥാപിക്കുക. ലോകമെമ്പാടും ആയിരക്കണക്കിന് കുഞ്ഞന്‍ ഉപഗ്രഹങ്ങള്‍ വഴി ഇന്‍റര്‍നെറ്റ് എത്തിക്കുന്ന പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഇതിനകം 100ലേറെ രാജ്യങ്ങളില്‍ സ്റ്റാര്‍ലിങ്ക് ഇന്‍റര്‍നെറ്റ് ലഭ്യമായിട്ടുണ്ട് എന്നാണ് കണക്കുകള്‍.

ഗ്രഹങ്ങൾക്കിടയിൽ സ്ഥിരമായ ഡാറ്റാ പ്രവാഹം നിലനിർത്തുന്നതിന് അവരുടെ നൂതനമായ ലേസർ കമ്മ്യൂണിക്കേഷൻ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനാണ് മസ്‌ക് ഉദ്ദേശിക്കുന്നത്. ഭൂമിയും ചൊവ്വയും തമ്മിലുള്ള ദൂരമായ 1.5 ജ്യോതിശാസ്ത്ര യൂണിറ്റുകളിൽ 4 എംബിപിഎസോ അതിൽ കൂടുതലോ വേഗത പ്രധാനം ചെയ്യാൻ ഹൈ-സ്പീഡ് ഡാറ്റ റിലേ സിസ്റ്റത്തിന് കഴിയും. ചൊവ്വയിൽ നിന്ന് ഭൂമിയിലേക്കുള്ള തത്സമയ ചിത്രങ്ങളും ഡാറ്റാ സ്ട്രീമുകളും ഇനി വരാൻ പോകുന്ന ചൊവ്വ ദൗത്യങ്ങൾക്ക് വേണ്ടി നൽകാൻ ഈ ശൃംഖലയ്ക്ക് കഴിയും. കൂടാതെ ഭാവിയിൽ ചൊവ്വയിൽ നടക്കുന്ന പര്യവേഷണ പ്രവർത്തനങ്ങളെയും പിന്തുണക്കുക എന്നാണ് മസ്‌ക് വിഭാവനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *