KeralaNewsPolitics

ഇ.പി. ജയരാജന് രാഷ്ട്രീയ വിരമിക്കൽ നൽകാൻ സിപിഎം

സിപിഎമ്മും പിണറായിയും പ്രതീക്ഷയോടെ തിരഞ്ഞെടുപ്പുകളെ നേരിടുമ്പോൾ ഇടിത്തീപോലെയുള്ള ഇ.പി. ജയരാജന്റെ പേരിലുള്ള വിവാദങ്ങളിൽ പരിഹാരം തേടി പാർട്ടി നേതൃത്വം. വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് ദിനത്തിലും ഇതിന് മുമ്പ് ലോക്‌സഭ തിരഞ്ഞെടുപ്പ് ദിനത്തിലും ഇ.പിയുടെ പേരിലൊരു വിവാദം കത്തി പടർന്നതാണ് സിപിഎമ്മിനെ ചിന്തിപ്പിക്കുന്നത്. പരസ്യമായി ഇ.പിയെ കണ്ണുമടച്ച് വിശ്വസിച്ച് കൂടെ നിൽക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുമ്പോഴും അകത്തളങ്ങളിൽ ആയുധങ്ങൾക്കുള്ള മൂർച്ച കൂട്ടുന്നതായാണ് വിവരം.

ഇപിയെ സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറ്റുന്നതിനുള്ള ആലോചനകളാണ് പുരോഗമിക്കുന്നത്. സിപിഎം പാർട്ടി കമ്മിറ്റികളിലെ 75 വയസ്സെന്ന പ്രായപരിധി നടപ്പാക്കിയാൽ കേന്ദ്ര കമ്മിറ്റിയിൽ നിന്നും ഇപി ജയരാജൻ തെറിക്കുമെന്ന് ഉറപ്പാണ്. പ്രായം 75നോട് അടുക്കുന്നത് നേതൃത്വത്തിൽ നിന്നും വിരമിക്കാൻ സമയമായി എന്ന് ഇപിയെ ഒർമ്മിപ്പിക്കുന്നുണ്ട്. നിലവിലെ നേതൃത്വവുമായും സാക്ഷാൽ പിണറായിയുമായും അകന്നതും, നിരന്തരം ഉണ്ടാകുന്ന വിവാദങ്ങളും ഇതിന്റെ ആക്കം കൂട്ടുന്നുണ്ട്.

രണ്ട് തിരഞ്ഞെടുപ്പുകളിലായി ഇപി സ്വയം ബോംബായി സിപിഎമ്മിൽ നിന്ന് പൊട്ടുകയാണ്. ഈ പ്രകമ്പനത്തിൽ സിപിഎം കൂടി വിറയ്ക്കുകയാണ് എന്നതാണ് സത്യം. ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയും, കഴിഞ്ഞദിവസം ആത്മകഥയിലേതായി പുറത്തുവന്ന വിവരങ്ങളും, രണ്ടിലും ന്യായീകരണങ്ങൾ ദുർബലമാണ്. പാർട്ടി സമ്മേളനകാലത്തെ ഈ തിരിച്ചടി മറികടക്കുക ഇപിക്ക് എളുപ്പമല്ല. പ്രത്യേകിച്ചും അവസരമോഹികൾ ഏറെയുള്ള സിപിഎമ്മിൽ.

ഈ വർഷം പ്രായപരിധിയിൽ ആർക്കും ഇളവ് നൽകേണ്ടെന്ന് ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് ഈ സമ്മേളനത്തോടെ കമ്മറ്റികളിൽ നിന്നും ഒഴിയുമെന്ന് പ്രഖ്യാപിച്ച പ്രകാശ് കാരാട്ടിനെ സീതാറാം യെച്ചൂരിയുടെ മരണ ശേഷം ജനറൽ സെക്രട്ടറിയാക്കാതെ കോർഡിനേറ്റർ ആക്കിയത്. പ്രായപരിധി നടപ്പാക്കിയാൽ പിണറായി വിജയൻ, എകെ ബാലൻ, പികെ ശ്രീമതി എന്നിവർ കേന്ദ്രകമ്മറ്റിയിൽ നിന്നും ഒഴിവാകേണ്ടി വരും. ഇതിൽ മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന് മാത്രം ഇളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെ വന്നാൽ പിബിയിലേക്ക് ഒഴിവുണ്ടാകില്ല.

കേന്ദ്ര കമ്മറ്റിയിൽ വരുന്ന രണ്ട് ഒഴിവുകളിലേക്ക് കണ്ണുനട്ട് ഇപ്പോൾ തന്നെ സിപിഎമ്മിൽ നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. ഇപിയെ കൂടി വെട്ടിയാൽ ഒഴിവുകൾ മൂന്നാകും. ആരൊക്കെ എന്നതിൽ ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും കേന്ദ്രകമ്മറ്റി സ്ഥാനം ഉറപ്പിച്ച ഒരാൾ മന്ത്രി മുഹമ്മദ് റിയാസാണ്. അത് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള ബന്ധം ഒന്ന് കൊണ്ടു മാത്രമാണ്. സിപിഎം സംസ്ഥാന സമിതിയിലേക്കും സെക്രട്ടറിയേറ്റിലേക്കും റിയാസ് എത്തിയ വേഗത, ആദ്യമായി എംഎൽഎ, സുപ്രധാന വകുപ്പുകളുടെ മന്ത്രിസ്ഥാനം ഇതെല്ലാം പിണറായിയുടെ പാർട്ടിയിലെ സ്വാധീനം കൊണ്ട് മാത്രമാണ് ഒത്തുകിട്ടിയത്.

റിയാസിനെക്കാൾ സീനിയറായ പലരും ഇപ്പോഴും അവസരം കാത്തിരിക്കുമ്പോഴാണ് ഈ റോക്കറ്റ് വേഗത്തിലുള്ള പാർട്ടിയിലെ വളർച്ച. ഈ ചരിത്രം മുന്നിലുള്ളതു കൊണ്ട് തന്നെയാണ് മധുരയിൽ നടക്കുന്ന 24-ാം പാർട്ടി കോൺഗ്രസോടെ റിയാസ് കേന്ദ്ര കമ്മറ്റിയിൽ എത്തുമെന്ന് എല്ലാവരും ഉറച്ചു വിശ്വസിക്കുന്നത്. ഇപ്പോൾ സാധിച്ചില്ലെങ്കിൽ റിയാസിനായി അടുത്ത തവണ ഇറങ്ങാൻ പിണറായിക്ക് ഈ കരുത്തുണ്ടാകുമോ എന്നും ഉറപ്പിക്കാനാകില്ല. അതുകൊണ്ട് തന്നെയാണ് ആര് വന്നില്ലെങ്കിലും റിയാസ് വരുമെന്ന് രാഷ്ട്രീയ കേരളം ഉറച്ച് വിശ്വസിക്കുന്നത്. ഇടതു മുന്നണി കൺവീനർ ടിപി രാമകൃഷ്ണനും കേന്ദ്ര കമ്മറ്റിയിലേക്ക് എത്താനാണ് സാധ്യത.

Leave a Reply

Your email address will not be published. Required fields are marked *