
“ഇത് റിയൽ വൈഫിനുള്ള സർപ്രൈസ്” ; വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ ഇന്ന് ഏറെ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വിഡിയോയുണ്ട്. നടൻ ശിവകാർത്തികേയൻ ഭാര്യ ആർതിക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചിരിക്കുന്നതാണ് വൈറലാകുന്ന വീഡിയോ. ശിവകാർത്തികേയന്റെ ദീപാവലി റിലീസായി ഇറങ്ങിയ അമരൻ എന്ന സിനിമയിലെ മേജർ മുകുന്ദ് വരദരാജിന്റെ വേഷത്തിലാണ് താരം വീഡിയോയിൽ എത്തിയിരിക്കുന്നത്.
അടുക്കളയില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആര്‍തിയുടെ പിറകിലൂടെ ആര്‍മി യൂണിഫോമില്‍ ചെന്നുനിന്നാണ് ശിവകാര്‍ത്തികേയന്‍ സര്‍പ്രൈസ് കൊടുത്തത്. താരം ചെന്നു നിന്നതും ഞെട്ടി തിരിഞ്ഞുനോക്കുന്ന ആര്‍തിയെ വിഡിയോയിൽ കാണാം. പിന്നെ നാണത്തോടെ ശിവയെ തള്ളുകയും ക്യാമറ കണ്ടതും എസ്കെയുടെ പിന്നില്‍ ആര്‍തി ഒളിക്കുന്നുമുണ്ട്. ഹാപ്പി ബെര്‍ത്ത്ഡേ ആര്‍തി, ലവ് യു എന്ന ക്യാപ്ഷനോടെയാണ് ശിവകാർത്തികേയൻ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.
അതേസമയം, സിനിമയില്‍ എത്ര തിരക്കുണ്ടെങ്കിലും കുടുംബത്തിന് പ്രധാന്യം കൊടുക്കുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. ഭാര്യയ്ക്കും മക്കൾക്കൊപ്പമുള്ള ആഘോഷ ചിത്രങ്ങളെല്ലാം ശിവകാർത്തികേയൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. താന്‍ പങ്കെടുക്കുന്ന എല്ലാ ചടങ്ങുകളിലും കുടുംബത്തേയും ഒപ്പം കൂട്ടാന്‍ താരം പരമാവധി ശ്രമിക്കാറുണ്ട്.
പുതിയ ചിത്രമായ അമരനില്‍ മേജര്‍ മുകുന്ദ് വരദരാജനെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി നിര്‍മിച്ച അമരന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകര്‍ക്കിടയില്‍ ലഭിക്കുന്നത്. താരത്തിന്‍റെ കരിയര്‍ തന്നെ മാറ്റുന്ന ചിത്രമാവും അമരന്‍ എന്നാണ് പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. സായ് പല്ലവിയാണ് ചിത്രത്തില്‍ നായികയായെത്തിയത്. ഈ വർഷം തമിഴ്‌നാട്ടിൽ നിന്ന് ഏറ്റവും അധികം പണം നേടുന്ന സിനിമകളിൽ രണ്ടാം സ്ഥാനത്ത് അമരൻ എത്തിയിരിക്കുകയാണ്.
അമരൻ ബോക്സ് ഓഫീസിൽ 250 കോടിയും മറികടന്നു. തമിഴ്‌നാട്ടിൽ നിന്ന് മാത്രം സിനിമ 100 കോടിയിലധികം രൂപ നേടിയിട്ടുണ്ട്. രജനികാന്തിന്റെ വേട്ടയ്യൻ ഉൾപ്പടെയുള്ള സിനിമകളുടെ കളക്ഷൻ മറികടന്നാണ് സിനിമയുടെ ഈ നേട്ടം. നിലവിൽ വിജയ് ചിത്രം ഗോട്ടാണ് തമിഴ്‌നാട് ബോക്സ്ഓഫീസിൽ ഏറ്റവും അധികം പണം വാരിയ സിനിമ. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിനായി സംഗീതമൊരുക്കിയിരിക്കുന്നത്. കമൽ ഹാസന്റെ രാജ് കമൽ ഫിലിംസും സോണി പിക്ചേഴ്സും ചേർന്നാണ് അമരൻ നിർമിച്ചിരിക്കുന്നത്. ചിത്രത്തിലെ ശിവകാർത്തികേയന്റേയും സായ് പല്ലവിയുടെയും പ്രകടനങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.