മഹാവിഷ്ണുവിന്റെ ആറാമത്തെ അവതാരമായ പരശുരാമന്റെ കഥ സിനിമയാകുന്നു. ബോളിവുഡ് നിര്‍മാതാക്കളായ മാഡോക്ക് ഫിലിംസ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ പരശുരാമനായി എത്തുന്നത് നടൻ വിക്കി കൗശൽ ആണ്.
പരശുരാമന്റെ കഥ പറയുന്ന ചിത്രത്തിന് മഹാവതാർ എന്നാണ് പേര് നൽകിയിരിക്കുന്നത്. സിനിമയിലെ നടന്റെ ഫസ്റ്റ്ലുക്ക് അണിറയക്കാർ പുറത്തുവിട്ടു.‘‘ചിരഞ്ജീവി പരശുരാമന്റെ കഥ. ധർമത്തിന്റെ നിത്യ യോദ്ധാവ്’’ എന്നാണ് ടൈറ്റിലിനൊപ്പം കുറിച്ചിരിക്കുന്നത്. സ്ത്രീ, ഭേഡിയ തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനായ അമർ കൗശിക് ആണ് ഈ ബ്രഹ്മാണ്ഡ ചിത്രമൊരുക്കുന്നത്. ക്രിസ്മസ് റിലീസ് ആയി അടുത്ത വർഷം ‘മഹാവതാർ’ തിയറ്ററുകളിലെത്തും.