തിരുവനന്തപുരം: കായികമേള സമാപനത്തോടനുബന്ധിച്ചുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മൂന്നംഗ സമിതിയെ നിയോഗിച്ചു. പൊതുവിദ്യാഭ്യാസം തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് മൂന്നംഗ സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം ഐ മീനാംബിക, ജോയിന്റ് സെക്രട്ടറി ബിജു കുമാര്‍ ബി ടി, എസ് സി ഇ ആര്‍ ടി ഡയറക്ടര്‍ ഡോ. ജയപ്രകാശ് ആര്‍ കെ തുടങ്ങിയവരാണ് സമിതി അംഗങ്ങള്‍.
രണ്ടാഴ്ചക്കകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. പോയിന്റുകള്‍ സംബന്ധിച്ച കാര്യമാണ് പിന്നീട് സംഘര്‍ഷാവസ്ഥയിലേയ്ക്ക് നീങ്ങിയത്. ഇവിടെ പോലീസ് ഇടപെട്ടതും കായികമായി കൈകാര്യം ചെയ്തതിനും പോലീസിനെതിരെ വകുപ്പ് മേധാവിക്ക് കെഎസ് യു പരാതി നല്‍കിയിരുന്നു. സംഘര്‍ഷത്തിന് കാരണക്കാരായ തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാര്‍ ബേസില്‍ എന്നീ സ്‌കൂളുകളോട് വിശദീകരണം മൂന്നംഗ സമിതി നേടും.
മികച്ച സ്‌കൂളിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കം ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് സംബന്ധിച്ച് പഠനം നടത്താന്‍ ആവശ്യമെങ്കില്‍ കായികരംഗത്തെ വിദഗ്ധര്‍ അടങ്ങുന്ന സമിതിയെ നിയോഗിക്കുമെന്നും യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.