
കൊൽക്കത്ത : ആർജി കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. ഡോക്ടറുമാരുടെ സുരക്ഷയ്ക്കായി ബംഗാൾ എന്ത് നടപടികളാണ് സ്വീകരിച്ചതെന്ന് കോടതി ചോദിച്ചു. കേസിന്റെ അന്വേഷണത്തിന്റെ പുതിയ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാൻ സുപ്രീം കോടതി സിബിഐയോട് നിർദ്ദേശിച്ചിരുന്നു. സിബിഐ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചത്.
സുപ്രീം കോടതി സ്വമേധയാ എടുത്ത കേസിൽ ചീഫ് ജസ്റ്റിസും ജസ്റ്റിസുമാരായ ജെ ബി പർദിവാലയും മനോജ് മിശ്രയും അടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ആഗസ്റ്റ് 9 ന് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ സെമിനാർ ഹാളിൽ വച്ചാണ് യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കുറ്റകൃത്യത്തിന് ഒരു സിവിൽ വോളന്റിയറെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവം രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.