Kerala Government News

പാൻ ഇന്ത്യൻ മുഖ്യമന്ത്രിയാകാൻ പിണറായി വിജയൻ!

5 സംസ്ഥാനങ്ങളിലെ തീയേറ്ററുകളിൽ പിണറായിയുടെ പരസ്യം പ്രദർശിപ്പിക്കും..

പാന്‍ ഇന്ത്യന്‍ മുഖ്യമന്ത്രിയാകാന്‍ ഒരുങ്ങുകയാണ് പിണറായി വിജയന്‍. തുടര്‍ഭരണം നേടി ചരിത്രം രചിച്ച പിണറായിക്ക് അങ്ങനെ ഒരു മോഹം ഉദിച്ചാല്‍ സഖാക്കളുടെ ഫുള്‍ സപ്പോര്‍ട്ടായിരിക്കും. കേരളം എന്ന ‘ഠ’ വട്ടത്തിനപ്പുറം രാജ്യവ്യാപകമായി തന്റെ ഭരണമികവ് അറിയണമെന്നാണ് പിണറായി ഉദ്ദേശിക്കുന്നത്.

രാജ്യത്തെ സിനിമ തീയറ്ററുകള്‍ ആണ് പിണറായി ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കര്‍ണാടക, ആന്ധ്ര പ്രദേശ്, മഹാരാഷ്ട്ര, മധ്യ പ്രദേശ്, ഡല്‍ഹി എന്നിവിടങ്ങളിലെ 100 സിനിമ തീയേറ്ററുകളില്‍ പിണറായി പ്രത്യക്ഷപ്പെടും. സര്‍ക്കാരിന്റെ നേട്ടങ്ങളുടെ പിണറായിയുടെ പുഞ്ചിരിക്കുന്ന ചിത്രവും അടക്കം 90 സെക്കന്റ് വീഡിയോ ആയിരിക്കും തീയേറ്ററുകളില്‍ കാണിക്കുക.

പിആര്‍ഡിഎം പാനല്‍ ചെയ്ത ഏജന്‍സികളും സാറ്റലൈറ്റ് ലിങ്ക് മുഖാന്തിരം തീയേറ്ററുകളില്‍ സിനിമ പ്രദര്‍ശനം നടത്തുന്ന ക്യൂബ്, യുഎഫ്ഒ എന്നീ ഏജന്‍സികള്‍ വഴിയാണ് പിണറായി ഈ പദ്ധതി പ്ലാന്‍ ചെയ്യുന്നത്. 18,19,843 രൂപ ഈ ആവശ്യത്തിനായി ഈ മാസം 2 ന് അനുവദിച്ചിട്ടുണ്ട്. തുക ഇനിയും ഉയരും എന്നാണ് അറിയുന്നത്. പണം പ്രശ്‌നമല്ല എന്നാണ് പിണറായിയുടെ നിലപാട്.

പണസഞ്ചിയുമായി കെഎന്‍ ബാലഗോപാല്‍ ധനവകുപ്പില്‍ ഇരിക്കുമ്പോള്‍ പണത്തിന് ഒരു ക്ഷാമവും ഇല്ലെന്ന് പിണറായിക്കറിയാം. സംസ്ഥാനത്തിന്റെ സവിശേഷമായ നേട്ടങ്ങള്‍, വികസന ക്ഷേമ പ്രവര്‍ത്തനങ്ങളിലെ മാതൃകകള്‍ എന്നിവയെ അടിസ്ഥാനമാണിയായിരിക്കും പരസ്യം തയ്യാറാക്കുക. തുടക്കവും ഒടുക്കവും പരസ്യത്തില്‍ പിണറായി പ്രത്യക്ഷപ്പെടും.

ഇഎംഎസ്, ഇകെ നായനാര്‍, വിഎസ് അച്യുതാനന്ദന്‍ എന്നീ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാരില്‍ നിന്നും തികച്ചും വ്യത്യസ്തനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇവരുടെ ഒരു ശൈലിയും പിണറായിക്കില്ല. സഖാവ് എന്ന പേരില്‍ മാത്രം ആയിരുന്നു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിമാര്‍ അറിയപ്പെട്ടിരുന്നത്. ക്യാപ്റ്റന്‍, ജൈവ ബുദ്ധി ജീവി പേരുകളിലാണ് പിണറായി അറിയപ്പെടുന്നത്. എന്റെ തല, എന്റെ ഫുള്‍ ഫിഗര്‍ എന്ന സരോജ് കുമാര്‍ ശൈലിയാണ് പിണറായിക്കിഷ്ടം.

നവകേരള സദസിന്റെ ചെലവുകള്‍ പുറത്ത് വന്നത് ശ്രദ്ധിച്ചാല്‍ മനസിലാകും സരോജ് കുമാര്‍ ശൈലിയോടാണ് പിണറായിയുടെ ശൈലി യോജിക്കുക. നവകേരള സദസ് പോലുള്ള പരിപാടിക്ക് വേണ്ടി മുടക്കിയ കോടികളുടെ കണക്ക് ഇതിന്റെ ഉദാഹരണമാണ്.

2.48 കോടി മുടക്കിയാണ് പിണറായിയുടെ ഹോര്‍ഡിങ്ങുകള്‍ കേരളമാകെ ഉയര്‍ത്തിയത്. പോസ്റ്ററും ക്ഷണക്കത്തും അടിച്ചതാകട്ടെ 9.16 കോടിക്കും. കൂടാതെ റെയില്‍വേ ജിംഗിള്‍സ്, കെഎസ്ആര്‍ടിസി ബസിലെ പരസ്യം മുതലായവും. പരസ്യത്തിന് പണം ഒരു പ്രശ്‌നം അല്ല എത്ര വേണമെങ്കിലും മുടക്കും. പരിപാടി കളര്‍ ആകണം.

ക്ലിഫ് കക്കൂസ്, ലിഫ്റ്റ് തുടങ്ങിയ സൗകര്യങ്ങളുമായി അത്യാധുനിക ബസ് തന്നെ നവകേരള സദസിന് വേണ്ടി ഇറക്കിയ വ്യത്യസ്തനായ മുഖ്യമന്ത്രിയാണ് പിണറായി. പാന്‍ ഇന്ത്യന്‍ മുഖ്യമന്ത്രിയാകാന്‍ ശ്രമിക്കുന്ന പിണറായി വിജയന് എല്ലാ ആശംസകളും. ഒപ്പം ഒരു അപേക്ഷയും.

അങ്ങയുടെ 90 സെക്കന്റ് വീഡിയോ തമിഴ്‌നാട്ടിലും പഞ്ചാബിലും തെലുങ്കാനയിലും ഉത്തര്‍ പ്രദേശിലും തുടങ്ങി രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും തീയേറ്ററുകളില്‍ കാണിക്കണം. കേന്ദ്ര ഭരണ പ്രദേശങ്ങളിലും അങ്ങയുടെ വീഡിയോ കാണിക്കണം.

വിവിധ രാജ്യങ്ങളില്‍ കൂടി പ്രദര്‍ശിപ്പിക്കണം എന്നാണ് മലയാളം മീഡിയയുടെ അപേക്ഷ. പണത്തിന് ബാലഗോപാല്‍ ഉള്ളപ്പോള്‍ അങ്ങേക്ക് ഇതെല്ലാം നിസാരം. ലോകം മുഴുവന്‍ അങ്ങ് അറിയപ്പെടട്ടെ എന്ന് ആശംസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *