KeralaNewsPolitics

ഇ പിയെ പൊളിച്ച് ചിത്രങ്ങൾ

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ദിവസം ഇ പി ജയരാജന്റെ ആത്മകഥ പുറത്തുവന്നത് വലിയ വിവാദമാണ് ഉണ്ടാക്കികൊണ്ടിരിക്കുന്നത്. ഇ പി ജയരാജന്റെ ആത്മകഥ ആണെന്ന് ഡി സി ബുക്‌സും അല്ലെന്ന് ഇ പി ജയരാജനും അങ്ങോട്ടുമിങ്ങോട്ടും പറയുകയാണ്. വിവാദങ്ങൾക്കിടയിൽ പുസ്തകത്തിന്റെ പ്രസാധനം മാറ്റി വച്ചിരിക്കുകയാണ്. എന്നാൽ തന്റെ ആത്മകഥയല്ലെന്ന് ഇ പി ജയരാജൻ വാദിക്കുമ്പോഴും പുസ്തകത്തിൽ അതിന് വിപരീതമായ തെളിവുകളാണ് ഉള്ളത്.

വളരെ സ്വകാര്യമായതും പബ്ലിക് അല്ലാത്തതുമായ ഇ പി ജയരാജന്റെ നിരവധി ചിത്രങ്ങളാണ് ആത്മകഥയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഇ പി ജയരാജൻ ഇതുവരെയും എവിടെയും വെളിപ്പെടുത്താത്ത നിരവധി കാര്യങ്ങളും ആത്മകഥയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിനാൽ തന്നെ തന്റെ ആത്മകഥയല്ലെന്ന ഇ പി ജയരാജന്റെ വാദം തള്ളുന്നതാണ് പുസ്തകത്തിലെ ചിത്രങ്ങൾ. ഒന്നാമതായി വ്യാജ പ്രതിച്ഛായ നിർമ്മിതിയിലേക്കുള്ള എന്ന തലക്കെട്ടോടെ കുറിച്ചിരിക്കുന്ന കുറിപ്പിൽ പിണറായി വിജയനോടുത്ത് വളരെ സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന ഇ പിയുടെ ചിത്രമാണുള്ളത്.

EP Jayarajan autobiography
ഇ.പി ജയരാജൻ്റെ ആത്മകഥയിലെ ചിത്രങ്ങളില്‍ ചിലത്

എന്നാൽ അടുത്ത ചിത്രം ബുദ്ധദേവ് ഭട്ടാചാര്യയോടൊപ്പമുള്ള ഇ പി ജയരാജന്റെ ചിത്രമാണ്. നമ്മൾ ഗൂഗിളിൽ തിരഞ്ഞാൽ പോലും ബുദ്ധദേവ് ഭട്ടാചാര്യയോടൊപ്പമുള്ള ഇ പിയുടെ ചിത്രം കിട്ടില്ല. എന്നാൽ ഇ പിയുടെ ആത്മകഥയിൽ ഈ ചിത്രം വന്നിരിക്കുമ്പോൾ ഇ പിയുടെ വാദങ്ങളെല്ലാം പൊളിയുകയാണ്. അതേസമയം, പോലീസ്മർദ്ദനം, അറസ്റ്റ്, ജയിൽവാസം എന്ന തലക്കെട്ടോടെ പങ്കുവച്ചിരിക്കുന്ന കുറിപ്പിൽ ഷർട്ട് പോലുമിടാതെ വർഷങ്ങൾക്ക് മുൻപ് പിണറായി വിജയനോട് സംസാരിക്കുന്ന ചിത്രമാണ് നൽകിയിരിക്കുന്നത്. കൂടാതെ പിണറായിക്കൊപ്പമുള്ള നിരവധി ഓർമകളും ഇ പി അവിടെ പങ്കുവയ്ക്കുന്നുണ്ട്.

കൂടാതെ കുറച്ചു കൂടി പേജുകൾ കഴിയുമ്പോൾ ഇ കെ ,നയനാരോടൊപ്പം അടുത്തിടപഴകുന്ന ഇ പി യെയും നമുക്ക് കാണാം. അതേസമയം, സിഎംപി രൂപീകരണവും കണ്ണൂരിലെ പാർട്ടിയും എന്ന കുറിപ്പിൽ ഇ പി ജയരാജന്റെ വിവാഹ സമയത്തുള്ള ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയുമാണ് നൽകിയിരിക്കുന്നത്. ഇതൊക്കെ ആത്മകഥയിൽ വരുമ്പോൾ ഇ പി നൽകാതെ ഈ ചിത്രങ്ങളൊക്കെ എങ്ങനെ ആത്മകഥയിൽ വന്നുവെന്ന ചോദ്യം ബാക്കി നിൽക്കുകയാണ്. കൂടാതെ ഇ എം എസിനോടൊപ്പം ചായ കുടിക്കുന്ന ഇ പി ജയരാജന്റെ വളരെ ചെറുപ്പ കാലത്തുള്ള ചിത്രവും കോടിയേരി ബാലകൃഷ്ണനോടൊപ്പമുള്ള അവരുടെ സുഹൃത് ബന്ധം വ്യക്തമാക്കുന്ന ചിത്രവും ആത്മകഥയിലുണ്ട്.

ഇനി എടുത്തുപറയേണ്ടത് സുധാകരൻ ക്രിമിനൽ സംഘത്തലവൻ എന്ന തലക്കെട്ടോടെ നൽകിയിരിക്കുന്ന കുറിപ്പിൽ ഉള്ള ചിത്രമാണ്. ഇ പി ജയരാജൻ വെടിയേറ്റ് കിടക്കുന്ന ചിത്രമാണ് അതിലുള്ളത്. ഇങ്ങനെ ഇ പി ജയരാജൻ കിടക്കുന്ന ചിത്രം ഗൂഗിളിൽ തിരഞ്ഞാൽ പോലും കിട്ടില്ലെന്നോർക്കുക. കൂടാതെ കൊടിയേരിയുടെയും പിണറായി വിജയന്റെയും കുടുംബത്തോടൊപ്പം താജ്മഹൽ സന്ദർശിച്ചതിന്റെയും അപൂർവമായ ചിത്രവും ആത്മകഥയിലുണ്ട്. കൂടാതെ കോട്ടും സ്യൂട്ടുമണിഞ്ഞ ചൈന സന്ദർശനത്തിന്റെയും സൗദി ജയിലിലെ അനുഭവവുമെല്ലാം ആത്മകഥയിലുണ്ട്. അതിനാൽ തന്നെ ഇ പിയുടെ വാദങ്ങൾ തള്ളുന്നതാണ് ഈ ചിത്രങ്ങൾ.

Leave a Reply

Your email address will not be published. Required fields are marked *