ഹൈദരാബാദ്: ആന്ധ്രാ പ്രദേശിലെ പെദ്ദപ്പള്ളി ജില്ലയില്‍ ഗുഡ്‌സ് ട്രെയിനിന്റെ 11 കോച്ചുകള്‍ പാളം തെറ്റിയതോടെ ഗതാഗതം തടസ്സപ്പെട്ടു. ബുധനാഴ്ച രാവിലെയാണ് ഗുഡ്സ് ട്രെയിന്‍ പാളം തെറ്റിയത്. അപകടത്തെ തുടര്‍ന്ന് 20 ലധികം പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്നതായി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ (എസ്സിആര്‍) അധികൃതര്‍ അറിയിച്ചു.
ഇരുമ്പുമായി ഗാസിയാബാദില്‍ നിന്ന് കാസിപേട്ടിലേക്ക് പോയ ഗുഡ്സ് ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. പെദ്ദപ്പള്ളിയിലെ രാഘ വപുരത്തിനും രാമഗുണ്ടത്തിനും ഇടയില്‍ വെച്ചാണ് അപകടമുണ്ടായത്. ഈ അപകടത്തെത്തുടര്‍ന്ന്, നിരവദി ട്രെയിനുകള്‍ മണിക്കൂറുകളോളം സ്തംഭിക്കുകയും ഡല്‍ഹിക്കും ചെന്നൈയ്ക്കും ഇടയിലുള്ള റെയില്‍ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. ട്രെയിനുകളുടെ റദ്ദാക്കലും വൈകിയോടലുമെല്ലാം യാത്രക്കാര്‍ക്കും വലിയ രീതിയില്‍ ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു.