തിരുവനന്തപുരം; കട്ടന്‍ ചായയും പരിപ്പുവടയും ആത്മകഥ വിവാദം കത്തിനില്‍ക്കെ ഇ പി ജയരാജന്‍ ഡിജിപിക്ക് പരാതി നല്‍കി. ആത്മകഥ തന്റേതല്ലെന്നും ആത്മകഥയുടെ മറവില്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയെന്നും തെറ്റായ പ്രചരണം നടത്തിയെന്നും കാട്ടിയാണ് പരാതി നല്‍കിയത്. താന്‍ ആത്മകഥ ഇതേ വരെ എഴുതി കഴിയുകയോ, പ്രസിദ്ധീകരിക്കാന്‍ ആരെയും ഏല്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നും ഇപി പരാതിയില്‍ വ്യക്തമാക്കുന്നു.
തിരഞ്ഞെടുപ്പ് ദിനം തന്നെ പുതിയ വിവാദം പുറത്ത് വന്നത് ഏറെ ദുരൂഹമാണെന്നും അന്വേഷണം വേണമെന്നും അദ്ദേഹം പരാതിയില്‍ പ്രസ്തവിക്കുന്നുണ്ട്. ഇന്നലെ രാത്രിയോടെയാണ് ഡിസി ബുക്‌സ് അവരുടെ പേജില്‍ ഇപിയുടെ ആത്മകഥയെ പറ്റിയുള്ള പരസ്യം നല്‍കിയത്. കട്ടന്‍ ചായയും പരിപ്പ് വടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം എന്ന പുസ്തകത്തിന്റെ മുഖ ചിത്രം വരെ നല്‍കിയിരുന്നു. മാത്രമല്ല, ഇപിയെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു.
കഥയില്‍ സര്‍ക്കാരിനെതിരെയുള്ള വസ്തുതകളും കണ്‍വീനര്‍ സ്ഥാനം നഷ്ടമായതുമെല്ലാം പങ്കുവെയ്ക്കുന്നുണ്ട്. അതിനാല്‍ തന്നെ കഥയിലെ ഭാഗങ്ങളെല്ലാം ഇതിനോടകം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. പിന്നാലെയാണ് ഇത് മുഴുവന്‍ നിഷേധിച്ച് ഇ പി ജയരാജന്‍ രംഗത്തെത്തുകയും നിയമ നടപടിയിലേയ്ക്ക് നീങ്ങുകയും ചെയ്തിരിക്കുന്നത്. ഡിസി ബുക്‌സ് പുറത്ത് വിട്ട വിവരങ്ങള്‍ തള്ളിക്കളഞ്ഞിട്ടില്ലെങ്കിലും ഇ. പി ജയരാജന്‍ തന്നെ ആത്മകഥ നിഷേധിച്ചതോടെ സാങ്കേതിക കാരണങ്ങളാല്‍ പ്രകാശനം മാറ്റിവെച്ചുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്.