മണ്ണാർക്കാട്: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി. 85 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. ഇന്നു രാവിലെ 6.15നാണ് സംഭവം. പാലക്കാട് മുട്ടികുളങ്ങര എം.എസ്. മൻസിലിൽ മജു ഫഹദ്-ഹംന ദമ്പതികളുടെ കുട്ടിയാണ് മരിച്ചത്. ദമ്പതികൾക്ക് ഇരട്ടകുട്ടികളാണ്. രാവിലെ മുലപ്പാൽകൊടുത്ത് കുട്ടിയെ ഉറക്കികിടത്തിയിരുന്നു.
കുറച്ചു കഴിഞ്ഞ് നോക്കിയപ്പോൾ കുട്ടി അനക്കമില്ലാതെ കിടക്കുന്നതാണ് കണ്ടത്. ഉടൻ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നതായി പരിശോധിച്ച ആശുപത്രി അധികൃതർ അറിയിച്ചു. ഇരട്ടകുട്ടികളിലെ ആൺകുട്ടിയാണ് മരിച്ചത്. കുട്ടിയുടെ ഉമ്മവീടായ ചങ്ങലീരിയിലേക്കുവന്നതായിരുന്നു ഇവർ.
മുലപ്പാല്‍ തൊണ്ടയിൽ കുടുങ്ങുന്നത് എന്തുകൊണ്ടാണ്!
കണ്ഠനാളത്തിലെ കുറുനാക്ക് ഭക്ഷണത്തെ അന്നനാളം വഴി വയറിലേക്കും വായുവിനെ ശ്വാസകോശത്തിലേക്കും തിരിച്ചുവിടുന്നു. പല കാരണങ്ങൾ കൊണ്ട് കുറുനാക്ക് പണി മുടക്കാം. ഇത്തരം സന്ദർഭങ്ങളിൽ ഭക്ഷണം ശ്വാസകോശത്തിലേക്കു കടക്കാം. കുഞ്ഞുങ്ങളിലെ ശ്വാസകോശകുഴൽ ചെറുതായതിനാൽ ആഹാരം കൊണ്ട് പെട്ടെന്നു നിറഞ്ഞ് മരണം സംഭവിക്കാം.
മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങൾ, തലച്ചോറിനു രോഗമുള്ള കുട്ടികൾ, വായ്ക്കും തൊണ്ടയ്ക്കും ഘടനാപരമായ കുഴപ്പമുള്ളവർ എന്നിവർക്കാണ് ഈ പ്രശ്നം കൂടുതലായും ഉണ്ടാവുക. ശരിയായ രീതിയിൽ മുലയൂട്ടിയാൽ ഈ പ്രശ്നം ഒരു പരിധിവരെ ഒഴിവാക്കാവുന്നതാണ്.
കട്ടിലിലോ കസേരയിലോ ഇരുന്ന് മടിയിൽ മൃദുവായ ഒരു തലയിണ വച്ച് കുഞ്ഞിനെ കിടത്തി അമ്മയുടെ കൈകൾ കൊണ്ട് കുഞ്ഞിനെ താങ്ങി തല അല്പം ഉയർത്തിവച്ചു വേണം മുലയൂട്ടാൻ. തല 30 ഡിഗ്രിയെങ്കിലും പൊങ്ങി ഇരിക്കണം. കുഞ്ഞിന്റെ താടി അമ്മയുടെ സ്തനങ്ങളിൽ ചേർന്നിരിക്കണം. ഏരിയോളയും മുലഞെട്ടും കുഞ്ഞിന്റെ വായിൽ പൂർണമായും ഉൾക്കൊള്ളുന്ന വിധത്തിൽ വേണം മുലയൂട്ടാൻ.
മുലയൂട്ടിയതിനു ശേഷം ബർപ്പിങ് ചെയ്യണം. കുഞ്ഞിന്റെ വയർ അമ്മയുടെ തോളിൽ വരത്തക്ക വിധത്തില്‍ കിടത്തി പുറത്ത് തട്ടിക്കൊടുക്കുകയാണ് വേണ്ടത്. മടിയിൽ കമിഴ്ത്തി കിടത്തിയും ഇതു ചെയ്യാവുന്നതാണ്. ബർപ്പിങ് ശരിയായി ചെയ്യാതിരുന്നാൽ കുഞ്ഞിന്റെ വയർ വീർത്തിരിക്കാം.
കുഞ്ഞ് പാൽ വലിച്ചു കുടിക്കുന്നതിനൊപ്പം ഗ്യാസ് കൂടി വലിച്ചെടുക്കുന്നു. ശരിയായ രീതിയിൽ ബർപ്പിങ് ചെയ്ത് ഗ്യാസ് പുറത്തു കളയുന്നതാണ് ഇത് ഒഴിവാക്കാനുള്ള മാർഗം.