പാലക്കാട്: മണ്ഡലത്തിൽ കോൺഗ്രസ് നേതാക്കൾ നിരവധി വ്യാജ വോട്ടുകൾ ചേർത്തുവെന്ന സിപിഐഎം ആരോപണത്തിന് ചുട്ട മറുപടിയുമായി പാലക്കാട് കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ രംഗത്ത്. സ്വന്തം സ്ഥാനത്തിന്റെ മഹത്വം മനസ്സിലാക്കിയാണ് ഓരോ കാര്യങ്ങളും സംസാരിക്കേണ്ടുന്നത്.
സ്വന്തം സ്ഥാനത്തിന്റെ മഹത്വം പോലും മനസിലാക്കാതെയുള്ള പ്രവർത്തനമാണ് ഇ എൻ സുരേഷ് ബാബുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നതെന്നും അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കാൻ നാണമില്ലേ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. സുരേഷ് ബാബു രാവിലെ ഒരു ആരോപണം ഉന്നയിക്കുമെന്നും വൈകുന്നേരം മറ്റു നേതാക്കൾ അത് തിരുത്തുമെന്നും രാഹുൽ പരിഹസിച്ചു.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഞങ്ങളുടെ കൈയിലല്ല, വോട്ടർ പട്ടിക പരിശോധിച്ച് ഉറപ്പു വരുത്തുന്ന ഉദ്യോഗസ്ഥർ സർക്കാരിന് കീഴിലാണ്. സർക്കാർ ആരുടേതെന്ന് ജില്ലാ സെക്രട്ടറി പരിശോധിക്കണമെന്നും ആരോപണം ഉന്നയിക്കുന്നതിന് പകരം ഇടപെടാൻ ജില്ലാ സെക്രട്ടറിക്ക് സാധിക്കില്ലേയെന്നും രാഹുല്‍ ചോദിച്ചു.
അതേ സമയം മണ്ഡലത്തിൽ ബിജെപിയും കോൺഗ്രസും ആയിരക്കണക്കിന് വ്യാജ വോട്ടുകൾ ചേർത്തുവെന്ന ആരോപണമാണ് സിപിഐഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു ഉന്നയിച്ചത്. ഇത് സംബന്ധിച്ച് പാർട്ടി കളക്ടർക്ക് പരാതി നൽകിയിട്ടുണ്ടെന്നും സുരേഷ് ബാബു വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. വിവിധ ബൂത്തുകളിൽ ഇത്തരത്തിൽ വ്യാജവോട്ടർമാരെ ചേർത്തുവെന്ന് സുരേഷ് ബാബു ആരോപിക്കുന്നു.
ബൂത്ത് 177ൽ തിരിച്ചറിയാൻ പറ്റാത്ത 37 വോട്ടർമാരുണ്ട്. ഇവർ ആ ബൂത്തിലുള്ളവരല്ല എന്നും മലമ്പുഴ മണ്ഡലത്തിൽ വോട്ടർ പട്ടികയിൽ പേരുള്ളയാൾക്ക് കണ്ണാടിയിലും വോട്ടുണ്ടെന്നും സുരേഷ് ബാബു പറഞ്ഞു. വ്യാജ ഐഡി കാർഡ് നിർമിച്ച് പരിചയമുള്ള സ്ഥാനാർത്ഥി ആയതിനാൽ ഇതിൽ പുതുമയില്ലെന്നും മരിച്ചു പോയവർ പോലും ഇത്തവണ വോട്ട് ചെയ്താൽ അത്ഭുതപ്പെടേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിലിനെ സുരേഷ് ബാബു പരിഹസിച്ചിരുന്നു.