പ്രഭാസ് നായകനായെത്തിയ ‘കൽക്കി 2898 എഡി’ ജപ്പാനിൽ റിലീസ് ചെയ്യാനൊരുങ്ങുന്നു. 2025 ജനുവരി 3 ന് ഷോഗറ്റ്സുവിന് തൊട്ടുമുൻപാണ് ചിത്രം റിലീസ് ചെയ്യുക. വൈജയന്തി മൂവീസ് നിർമ്മിച്ച ‘കൽക്കി 2898 എഡി’ ആഗോള തലത്തിൽ 1200 കോടി നേടിയിരുന്നു. വ്യവസായ പ്രമുഖനായ കബാത കെയ്സൊയുടെ കീഴിലുള്ള ട്വിൻ ആണ് ചിത്രം ജപ്പാനിൽ വിതരണം ചെയ്യാനായി ഒരുങ്ങുന്നത്.
അതേസമയം, 2024 ൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് ‘കൽക്കി 2898 എഡി’. പ്രവചനങ്ങൾക്കും പുരാതന രഹസ്യങ്ങൾക്കുമിടയിൽ തൻറെ വിധിയുമായി മല്ലിടുന്ന ശക്തനായ യോദ്ധാവായ ഭൈരവയുടെ (പ്രഭാസ്) കഥയാണ് ചിത്രം പറയുന്നത്. ഇന്ത്യൻ ഇതിഹാസമായ ‘മഹാഭാരത’ ത്തിലെ അമർത്യനായ അശ്വത്ഥാമ എന്ന കഥാപാത്രമായെത്തിയത് അമിതാഭ് ബച്ചനായിരുന്നു. കൽക്കി എന്ന അവതാരത്തെ ഗർഭത്തിൽ വഹിക്കുന്ന സുമതി എന്ന നായികാ കഥാപാത്രമായി ദീപിക പദുക്കോണും കൽക്കിയെ നേരിടാൻ തയ്യാറായ വില്ലനായ സുപ്രീം യാസ്ക്കിൻ ആയി കമൽ ഹാസനും വേഷമിട്ടിരിക്കുന്നു.