മലയാള സിനിമയിലെ യുവനടന്മാരിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് നസ്ലിൻ. 100 കോടി ക്ലബ്ബിൽ കയറിയ പ്രേമലുവിലൂടെ പാൻ ഇന്ത്യൻ താരമായി നസ്ലിൻ മാറിയിരിക്കുകയാണ്. ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്ന നസ്ലിൻ സിനിമകൾക്ക് വേണ്ടിയുള്ള തയാറെടുപ്പിനെപ്പറ്റി സംസാരിക്കുകയാണ്.
എന്റെ അഭിനയത്തെ കുറിച്ച് ഞാൻ വിലയിരുത്താറുണ്ട്. മുമ്പ് ചെയ്ത സിനിമകൾ കാണുമ്പോൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്ന് തോന്നാറുണ്ട്. പഠിക്കുന്ന സമയത്ത് ഭയങ്കര നാണം കുണുങ്ങിയായിട്ടുള്ള ആളായിരുന്നു. സിനിമയിൽ വന്നതിന് ശേഷം അതൊക്കെ മാറ്റിയെടുത്തെന്നും നസ്ലിൻ പറയുന്നു. പഠിക്കുന്ന സമയത്തൊക്കെ സിനിമ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ അഭിനയിക്കണമെന്ന് വിചാരിച്ചിട്ടില്ല. സിനിമയിലേക്ക് വന്നതിന് ശേഷമാണ് ഇതിനെ കുറിച്ച് കൂടുതൽ പഠിക്കാൻ തുടങ്ങിയതെന്നും നസ്ലിൻ പറയുന്നു.
അതേസമയം, ഞാൻ സ്ഥിരമായി ജിമ്മിൽ പോകാറൊന്നുമില്ല. വരുന്ന സിനിമകൾക്കനുസരിച്ചാണ് തയാറെടുപ്പുകൾ നടത്തുന്നത്. ആലപ്പുഴ ജിംഖാനയ്ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. 7,8 മാസം അതിന് വേണ്ടി മാറ്റിവച്ചു. എന്നാൽ ഒരു തയാറെടുപ്പും ഇല്ലാതെ ചെയ്ത സിനിമയാണ് പ്രേമലുവെന്നും നസ്ലിൻ പറയുന്നു. പ്രേമലുവിന് മുമ്പാണ് 18 പ്ലസും അയാം കാതലനുമൊക്കെ ചെയ്തത്. ഇതുവരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്നും വേറിട്ട വേഷത്തിലാണ് അയാം കാതലനിൽ എത്തുന്നതെന്നും നല്ല കഥകൾ കേൾക്കുക, നല്ല സംവിധായകർക്കൊപ്പം പ്രവർത്തിക്കുക എന്നതാണ് ഇപ്പോഴത്തെ ലക്ഷ്യമെന്നും നസ്ലിൻ പറയുന്നു.