ബെംഗളൂരു: സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ അഴിമതി കണ്ടെത്താനായി കര്‍ണാടക ലോകായുക്ത ചൊവ്വാഴ്ച സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി റെയ്ഡ് നടത്തി. പതിനൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് റെയ്ഡ് നടന്നത്. രാവിലെ ആരംഭിച്ച റെയ്ഡുകള്‍ ബെലഗാവി, ഹാവേരി, ദാവന്‍ഗെരെ, കലബുറഗി, മൈസൂരു, രാമനഗര, ധാര്‍വാഡ് തുടങ്ങി 40 ഓളം സ്ഥലത്താണ് റെയ്ഡ് നടന്നത്. അനധികൃത സ്വത്ത് കണ്ടെത്താനുള്ള ശ്രമത്തിലാണ് റെയഡ്.
റവന്യൂ, ഗതാഗതം, വ്യവസായം എന്നിവയുള്‍പ്പെടെയുള്ള വകുപ്പുകളില്‍ പ്രധാന സ്ഥാനങ്ങള്‍ വഹിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ യാണ് അന്വേഷണം. വാണിജ്യ നികുതി വകുപ്പിലെ അസിസ്റ്റന്റ് കമ്മീഷണര്‍ വങ്കിടേഷ് മജുംദാര്‍, ഹവേരിയില്‍ വനിതാ ശിശുക്ഷേമ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ശ്രീനിവാസ് അല്‍ദാര്‍ട്ടി, റൂറല്‍ ഡ്രിങ്ക് വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ സബ് ഡിവിഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ കാശിനാഥ് ഭജന്‍ത്രി, ദാവംഗരെ വാണിജ്യ വ്യവസായ വകുപ്പിലെ അസിസ്റ്റന്റ് ഡയറക്ടര്‍ കമല്‍രാജ് തുടങ്ങി 11ഓളം പേര്‍ക്കെതിരെയാണ് മിന്നല്‍ റെയ്ഡ് പുരോഗമിക്കുന്നത്.