ശതകോടീശ്വരന്‍മാരോട് പലര്‍ക്കും ആദരവിനേക്കാളേറെ അസൂയ കലര്‍ന്ന ബഹുമാനമായിരിക്കും ഉണ്ടായിരിക്കുക. എല്ലാ വിഭാഗം ജനങ്ങളുടേയും ഇഷ്ടവും സ്‌നേഹവും നേടിയെടുക്കാന്‍ പല അതിസമ്പന്നര്‍ക്കും കഴിയാറില്ല. എന്നാല്‍ അതിനൊരപവാദമാണ് ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലിന്റെ ചെയര്‍മാനും സിഇഒയുമായ എംഎ യൂസഫലി. കേരളത്തിലെ ഏറ്റവും വലിയ സമ്പന്നനായിട്ടും ഏറ്റവും പാവപ്പെട്ട ആള്‍ക്കൊപ്പം വരെ തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കും എന്നതാണ് യൂസഫലിയെ വ്യത്യസ്തനാക്കുന്നത്.
1955 ല്‍ ജനിച്ച യൂസഫലി 2025 ല്‍ സപ്തതിയിലേക്ക് കടക്കുകയാണ്. കേരളത്തിലെ സാധാരണ പലചരക്ക് കടയില്‍ നിന്ന് തുടങ്ങിയ യൂസഫലിയുടെ ജീവിതം മാറ്റിമറിച്ചത് യുഎഇ ആണ്. 1973 ല്‍ ആദ്യമായി യുഎഇയില്‍ എത്തിയ യൂസഫലി 2023 ല്‍ പ്രവാസ ജീവിതത്തിന്റെ അരനൂറ്റാണ്ട് പിന്നിട്ടിരുന്നു. നാട്ടികയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ചു വളര്‍ന്നയാളായിരുന്നു യൂസഫലി. അദ്ദേഹത്തിന്റെ പിതാവിനും അനുജനും ഗുജറാത്തില്‍ പലചരക്ക് കടയായിരുന്നു. ഇരുവരേയും സഹായിക്കാനായാണ് ഗുജറാത്തിലേക്ക് യൂസഫലി എത്തുന്നത്.
അവിടത്തെ ജോലിക്കിടയിലും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ അദ്ദേഹം ഡിപ്ലോമ കരസ്ഥമാക്കി. എന്നാല്‍ അക്കാദമിക പാഠങ്ങളേക്കാള്‍ പ്രായോഗിക പാഠങ്ങള്‍ യൂസഫലിയെ പാകപ്പെടുത്തി എന്ന് പറയുന്നതായിരിക്കും ശരി. അഹമ്മദാബാദിലെ എംകെ ബ്രദേഴ്സ് ജനറല്‍ സ്റ്റോര്‍ എന്ന പലചരക്ക് കടയില്‍ നിന്ന് കച്ചവടത്തിന്റെ ബാലപാഠങ്ങള്‍ യൂസഫലി പഠിച്ചു. യുഎഇയിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്ര 1973 ഡിസംബര്‍ 31 നായിരുന്നു. ദുംറ എന്ന കപ്പലില്‍ ഏഴര ദിവസം യാത്ര ചെയ്തായിരുന്നു അദ്ദേഹം ദുബായില്‍ എത്തിയത്.
ത്യാഗങ്ങളിലൂടെയാണ് വിജയം തേടി വരുന്നത് എന്നാണ് യൂസഫലിയുടെ ജീവിതം നമ്മെ പഠിപ്പിക്കുന്നത്. മുത്തച്ഛന്റെ തീരുമാന പ്രകാരമായിരുന്നു യൂസഫലിയുടെ വിവാഹം. 21-ാം വയസില്‍ വിവാഹിതനായെങ്കിലും പിന്നീട് അദ്ദേഹം വിദേശത്തേക്ക് പോയി. പിന്നീട് മൂന്നര വര്‍ഷത്തിന് ശേഷമാണ് അദ്ദേഹം ഭാര്യയെ കാണുന്നത്. ഊണും ഉറക്കവും വ്യക്തിജീവിതവും എല്ലാം ത്യജിച്ചാണ് ഇന്ന് കാണുന്ന നിലയിലേക്ക് യൂസഫലി എത്തിയത്. ഇന്നത്തെ നിലയില്‍ ലുലു വളരുന്നതിന് വളരെ പണ്ട് വളരെ ചെറിയ കടയായിരുന്നു ഉണ്ടായിരുന്നത്. പെരുന്നാളില്‍ ഈ കടയില്‍ തിരക്കായിരിക്കും.
പുലര്‍ച്ചെ മൂന്ന് മണി വരെയെല്ലം പെരുന്നാള്‍ തലേന്ന് കച്ചവടം ഉണ്ടായിരിക്കും. അത് കഴിഞ്ഞ് കുളിച്ച് പെരുന്നാള്‍ നമസ്‌കാരം കഴിഞ്ഞ് വന്ന് വീണ്ടും കട തുറക്കുമായിരുന്നു എന്ന് യൂസഫലി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ആഘോഷങ്ങളും അവധികളുമില്ലാത്ത ജീവിതം! ബിസിനസില്‍ മാത്രമല്ല വ്യക്തിജീവിതത്തിലും പുലര്‍ത്തേണ്ട സാമ്പത്തിക സമത്വം പാലിക്കണം എന്ന നിഷ്‌കര്‍ശത അദ്ദേഹത്തിനുണ്ട്. വരുമാനത്തേക്കാള്‍ കൂടുതല്‍ ചെലവാക്കരുത് എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. കൃത്യതയോടെയും സമയനിഷ്ഠയുടേയും കാര്യങ്ങള്‍ ചെയ്യുക എന്നതാണ് മറ്റൊരു മന്ത്രം.
തനിക്ക് മുകളിലുള്ളവരോടും താഴെയുള്ളവരോടും ഒരുപോലെ പെരുമാറുന്നതാണ് അദ്ദേഹത്തിന്റെ പ്രകൃതം. നാട്ടിക എന്ന തന്റെ ഗ്രാമത്തിലെ ഓരോ കുടുംബത്തില്‍ നിന്നും കുറഞ്ഞത് ഒരാള്‍ക്കെങ്കിലും സ്വന്തം സ്ഥാപനത്തില്‍ ജോലി നല്‍കിയ ആളാണ് യൂസഫലി. 50000 ത്തോളം പേരാണ് ലോകത്തെല്ലായിടത്തും ലുലു ഗ്രൂപ്പിന് കീഴില്‍ ജോലി ചെയ്യുന്നത്. എം കെ.ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിന്റെയും മാനേജിങ് ഡയറക്ടറായ അദ്ദേഹം കൊച്ചിയിലെ ഷോര്‍ ആശുപത്രിയുടെ ചെയര്‍മാന്‍ കൂടിയാണ്. 2008 ല്‍ രാജ്യം പത്മശ്രീ ബഹുമതി നല്‍കി ആദരിച്ച വ്യക്തിത്വം കൂടിയാണ് അദ്ദേഹം.