തിരുവനന്തപുരം: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എംടി പത്മ (81) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മുംബൈയില്‍ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ കോഴിക്കോട്ടെത്തിക്കും. 91 ല്‍ കരുണാകരന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു.
കേരള മന്ത്രി സഭയില്‍ അംഗമായ മൂന്നാമത്തെ വനിതയായിരുന്നു എംടി പത്മ. നിയമ ബിരുദവും ആര്‍ട്ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയ പത്മ കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് എത്തുന്നത്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ്, കെ.പി.സി.സി അംഗം, മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, കോഴിക്കോട് ഡി.സി.സി സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999-ല്‍ പാലക്കാട് നിന്നും 2004-ല്‍ വടകരയില്‍ നിന്നും ലോക്‌സഭയിലേയ്ക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. എന്നാല്‍, 2013-ല്‍ കോഴിക്കോട് കോര്‍പ്പറേഷനിലേയ്ക്ക് കോണ്‍ഗ്രസ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടു.