NationalNews

മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ഡൽഹി: രാജ്യത്ത് മദ്യം വാങ്ങുന്നവരുടെ പ്രായം പരിശോധിക്കാൻ പ്രോട്ടോകോൾ രൂപവത്കരിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്. കമ്യൂണിറ്റി എഗൻസ്റ്റ് ഡ്രങ്കൻ ഡ്രൈവിങ് എന്ന സന്നദ്ധ സംഘടനയാണ് ഇങ്ങനൊരു ആവശ്യം ഉന്നയിച്ചത്. ഈ ആവശ്യം പരി​ഗണിച്ചാണ് ജസ്റ്റിസുമാരായ ബി.ആർ. ഗവായ്, കെ.വി. വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ച് കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചത്.

സർക്കാറിന്റെ തിരിച്ചറിയൽ കാർഡുകൾ പരിശോധിച്ച് പ്രായം ഉറപ്പ് വരുത്തിയ ശേഷമേ മദ്യം നൽകാവൂ എന്ന് സംഘടനയ്ക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.ബി. സുരേഷ്, അഭിഭാഷകൻ വിപിൻ നായർ എന്നിവർ ആവശ്യപ്പെട്ടു. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പ്രായപരിധി ആയതിനാൽ തന്നെ പ്രായം സംബന്ധിച്ച ഒരു പരിശോധനയും കൂടാതെയാണ് മദ്യ ഷോപ്പുകൾ, ബാറുകൾ, പബുകൾ എന്നിവിടങ്ങളിൽ മദ്യ വിൽപ്പന എന്നാണ് ഹർജിക്കാരുടെ വാദം.

വിദേശ രാജ്യങ്ങളിൽ കുട്ടികൾക്ക് മദ്യം വിൽക്കുന്നവർക്ക് കനത്ത ശിക്ഷയാണെന്നും ഇന്ത്യയിൽ ആ രീതിയിൽ നയം രൂപവത്കരിച്ച് ശിക്ഷ ഉറപ്പാക്കണമെന്നും അഭിഭാഷകർ കോടതിയിൽ ആവശ്യപ്പെട്ടു. രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം വ്യത്യസ്തം ആണ്.

കേരളത്തിൽ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം 23 വയസ്സ് ആണ്. ഗോവ, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ 18 വയസ് കഴിഞ്ഞാൽ മദ്യപാനം ആകാം. അതേസമയം ഡൽഹി, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ മദ്യപാനത്തിനുള്ള കുറഞ്ഞ പ്രായം 25 വയസ് ആണ്.

Leave a Reply

Your email address will not be published. Required fields are marked *