മുംബൈ : ജോലി തേടി ഉത്തർപ്രദേശിൽനിന്ന് പൂനെയിലെത്തിയ താൻ കുടുംബത്തെ സഹായിക്കാനാണ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് എത്തിയതെന്ന് ശിവ കുമാർ പറയുന്നു. സഹോദരൻമാരുടെ പഠനത്തിനും സഹോദരിമാരുടെ വിവാഹത്തിനുമെല്ലാം പണം വേണം ഇതിനാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടത്.
എൻസിപി നേതാവ് ബാബാ സിദ്ദിഖി വധക്കേസിലെ മുഖ്യപ്രതിയും ആക്രി വ്യാപാരിയുമായ ശിവ കുമാർ ഗൗതമിന്റെ വെളിപ്പെടുത്തൽ ഇങ്ങനെ :
കുടുംബത്തെ സഹായിക്കാൻ എനിക്ക് പണം വേണം. അതിനാണ് കൊലപാതകം നടത്തിയത്. സഹോദരൻമാരുടെ പഠനത്തിനും സഹോദരിമാരുടെ കല്യാണത്തിനും പണം സമ്പാദിക്കാനാണ് കുറ്റകൃത്യത്തിൽ ഏർപ്പെട്ടെന്നു ശിവകുമാർ പോലീസിനോട് വെളിപ്പെടുത്തി. ശിവ കുമാറിന്റെ പേരിൽ മറ്റു കേസുകളൊന്നും തന്നെയില്ല. പിതാവ് കർഷകനാണ്. നാല് വർഷം മുൻപാണ് ജോലി തേടി പൂനെയിലെത്തുന്നത്. രണ്ടു മാസം മുൻപ് ശിവ കുമാർ തന്റെ നാട്ടുകാരനായ ധർമരാജ് കാശ്യപിനെ കണ്ടുമുട്ടി. ധർമരാജാണ് ശിവയെ ലോറൻസ് ബിഷ്ണോയി സംഘത്തിന് പരിചയപ്പെടുത്തുന്നത്.
സമൂഹമാധ്യമത്തിലൂടെ ലോറൻസ് ബിഷ്ണോയ്‌യുടെ സഹോദരൻ അൻമോൽ ബിഷ്ണോയ്‌യുമായി ശിവ കുമാർ സംസാരിക്കുകയും , സിദ്ദിഖിയെ വധിച്ചാൽ 10 ലക്ഷം രൂപ നൽകാമെന്ന് അൻമോൽ വാഗ്ദാനവും നൽകി. തുടർന്ന് വിദേശ നിർമിത തോക്ക് ബിഷ്ണോയ് സംഘം നൽകി.
യുട്യൂബ് വീഡിയോകൾ കണ്ടാണ് തോക്ക് ഉപയോഗിക്കാൻ താൻ പരിശീലിച്ചതെന്ന് ശിവകുമാർ പറഞ്ഞു. കൃത്യതയുള്ള ഷൂട്ടറായതിനാലാണ് സിദ്ദിഖിയെ വധിക്കാന്‍ ശിവ കുമാറിനെ തന്നെ അവർ തിരഞ്ഞെടുത്തത്. ധർമരാജും ഗുർമെയിൽ സിങും ശിവകുമാറിനെ അനുഗമിച്ചു. രണ്ടു മാസത്തോളം ഇവർ ബാബാ സിദ്ദിഖിയെ നിരീക്ഷിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഓപ്പറേഷൻ നിയന്ത്രിച്ചതെല്ലാം.
ആറു തവണ സിദ്ദിഖിക്കുനേരെ വെടിയുതിർത്തു. മൂന്നു വെടിയുണ്ടകൾ ദേഹത്ത് തറച്ചു. കൊലപാതകത്തിനു പിന്നാലെ സംഘം രക്ഷപ്പെട്ടുവെങ്കിലും മറ്റു പ്രതികൾ അറസ്റ്റിലായി. എന്നാൽ ശിവകുമാർ ഒളിവിൽ തുടർന്നു.
കൊലപാതകത്തിനു മുൻപും ശേഷവും ഉപയോഗിക്കാൻ രണ്ട് സിം കാർഡുകൾ ശിവ കുമാറിനു ബിഷ്ണോയ് സംഘം നൽകിയിരുന്നു. 25,000 രൂപ മുൻകൂറായി നൽകി.
കൊലപാതകത്തിനു പിന്നാലെ ശിവ കുമാർ ഝാൻസിയിലേക്കും ഡൽഹിയിലേക്കും ഹിമാചൽ പ്രദേശിലേക്കും പോയി. ശിവ കുമാറിന്റെ ബന്ധുക്കൾ ഉൾപ്പെടെ 45 ഓളംപേർ പോലീസ് നിരീക്ഷണത്തിലായിരുന്നു. നാലുപേരെ ശിവ കുമാർ സ്ഥിരമായി ഫോണിൽ ബന്ധപ്പെടുന്നതായി കണ്ടെത്തി. നേപ്പാളിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനു മുൻപ് അധികൃതർ ഇയാളെപിടികൂടുകയായിരുന്നു.
ഒക്ടോബർ 12നാണ് ബാബാ സിദ്ദിഖിയെ വധിച്ചത്. ബാന്ദ്രയിൽ മകന്റെ ഓഫിസിനു മുന്നിൽനിന്ന് കാറിൽ കയറുന്നതിനിടെയാണ് വെടിയേറ്റത്.