മലപ്പുറം: ജില്ലയിൽ കുറ്റിപ്പുറം പ്രദേശത്ത് മഞ്ഞപ്പിത്തം പടരുന്നു. നൂറോളം പേർക്ക് രോഗം സ്ഥിരീകരിച്ചു. കുറ്റിപ്പുറം പഞ്ചായത്തിലെ ഒന്ന്, രണ്ട്, 21, 22 എന്നീ വാർഡുകളിലുള്ളവർക്കാണ് രോഗബാധ സ്ഥീരീകരിച്ചിരിക്കുന്നത്. നടുവട്ടം മേഖലയിലെ ആളുകൾക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടുള്ളത് . ലക്ഷണങ്ങള്‍ കണ്ട ഉടനെ തന്നെ രോഗികളെ വിവിധ ആശുപത്രിയില്‍ പ്രവേശിച്ചു.
രോഗബാധ റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളിൽ മലിനമായ കുടിവെള്ള ഉപയോഗം, പച്ചവെള്ളം കുടിക്കുന്ന ശീലം, പുറമേ നിന്നുള്ള ഭക്ഷണത്തിന്‍റെയും സോഫ്റ്റ് ഡ്രിങ്ക്സ്ന്റെ ഉപയോഗം, വ്യാവസായിക അടിസ്ഥാനത്തില്‍ ഒട്ടും ശുദ്ധിയില്ലാത്ത വെള്ളത്തില്‍ നിര്‍മ്മിക്കുന്ന ഐസിന്റെ ഉപയോഗം, ശുചിത്വക്കുറവ് എന്നീ കാരണങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്. ഇതേ തുടർന്ന് പുറത്തുനിന്നും ശീതളപാനീയങ്ങളും ഭക്ഷണവും കഴിക്കുമ്പോൾ കൂടുതല്‍ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.
മഞ്ഞപ്പിത്തം പടരാതെയിരിക്കുവാനായി വ്യക്തി ശുചിത്വം, ആഹാര ശുചിത്വം, കുടിവെള്ള ശുചിത്വം, പരിസര ശുചിത്വം എന്നിവ ഉറപ്പാക്കാന്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.