തന്റെ പെൺകുഞ്ഞിനെ സംരക്ഷിക്കുന്ന കാര്യം വരുമ്പോൾ ഏതൊരു പിതാവും യോദ്ധാവായി മാറുമെന്ന് വരുൺ ധവാൻ. ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിലാണ് ഒരു പെൺകുഞ്ഞിന്റെ അച്ഛനാവുമ്പോൾ ഒരാളുടെ ജീവിതത്തിലുണ്ടാവുന്ന മാറ്റങ്ങളേക്കുറിച്ച് വരുൺ ധവാൻ മനസ് തുറന്നത്.
“ഏതൊരു വ്യക്തിയാകട്ടെ, പുരുഷനാകട്ടെ, രക്ഷകർത്താക്കളാകുന്നത് ഒരു അമ്മയ്ക്ക് വ്യത്യസ്തമായ അനുഭവമാണെന്ന് ഞാൻ കരുതുന്നു. സ്വന്തം കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുന്ന നിമിഷം അവൾ ഒരു പെൺകടുവയായി മാറുന്നതായി എനിക്ക് തോന്നാറുണ്ട്. നമ്മൾ മാതാപിതാക്കളാകുമ്പോൾ സ്വന്തം മകളോട് കൂടുതൽ സംരക്ഷണം കാണിക്കണമെന്ന് തോന്നും. ആൺകുട്ടികളുള്ളവർക്കും ഇങ്ങനെതന്നെ തോന്നും. എന്റെ മകളെ ആരെങ്കിലും ചെറുതായിപ്പോലും വേദനിപ്പിച്ചാൽ അവനെ ഞാൻ കൊല്ലും. ഞാനിത് തമാശയായി പറയുന്നതല്ല. അക്ഷരാർത്ഥത്തിൽ അവനെ ഞാൻ തീർത്തിരിക്കും.” എന്നാണ് വരുൺ ധവാൻ പറയുന്നത്.
അച്ഛന് അനുഭവപ്പെടുന്ന അരക്ഷിതാവസ്ഥ, അതിരുകടന്ന പെരുമാറ്റം, മക്കൾ കൃത്യസമയത്ത് വീട്ടിലെത്തുന്നില്ലേ എന്ന ഉത്ക്കണ്ഠ എന്നിവയേക്കുറിച്ചെല്ലാം വ്യക്തമായി മനസിലായി. എല്ലാവരും ഒരുമിച്ചില്ലേ എന്നറിയാനായി അച്ഛൻ അമ്മയെ വിളിക്കും. അച്ഛന് എന്താണ് പ്രശ്നമെന്ന് അന്ന് തോന്നിയിരുന്നുവെന്നും വരുൺ ധവാൻ പറയുന്നു.