InternationalNews

ട്രംപിന്റെ നടപടി; കാനഡയിൽ കുടിയേറ്റക്കാരുടെ എണ്ണം വർദ്ധിക്കാൻ സാധ്യത; രാജ്യം ആശങ്കയിൽ

യുഎസ് ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ട നാടുകടത്തൽ നടപ്പാക്കുമെന്ന ട്രംപിന്റെ പുതിയ തീരുമാനം കാന‍ഡയ്ക്ക് വിനയാകാൻ സാധ്യത. ട്രംപിന്റെ തീരുമാനത്തിന്റെ അനന്തര ഫലമായി കാനഡയിലേക്ക് അഭയം തേടുന്ന കുടിയേറ്റക്കാരുടെ വർധനയുണ്ടാകുമെന്ന് സൂചന. ഇതിന്റെ അടിസ്ഥാനത്തിൽ യുഎസ് അതിർത്തി സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ് കാന‍ഡ. ന്യൂനപക്ഷ സമുദായങ്ങളിൽ നിന്നുള്ള രേഖകളില്ലാത്ത കുടിയേറ്റക്കാർ അയൽരാജ്യമായ കാനഡയിൽ അഭയം തേടുമെന്നാണ് വിവരം.

കുടിയേറ്റക്കാർ നമ്മുടെ രാജ്യത്തിന്റെ രക്തത്തിൽ വിഷം കലർത്തുകയാണെന്ന് ട്രംപ് പലപ്പോഴും തന്റെ പ്രചാരണത്തിനിടെ പറഞ്ഞിരുന്നു. 2017 മുതൽ 2021 വരെയുള്ള ട്രംപിന്റെ ആദ്യ ടേമിൽ, യുഎസ് സംരക്ഷണം നഷ്ടപ്പെട്ട ഹെയ്തിക്കാർ ഉൾപ്പെടെ പതിനായിരക്കണക്കിന് കുടിയേറ്റക്കാർ കാനഡയിലേക്ക് പലായനം ചെയ്തിരുന്നു. കാനഡയിലേക്ക് മാറുന്നതിനായി ഇമിഗ്രേഷൻ സേവനങ്ങളെപ്പറ്റി അറിയാൻ യുഎസിൽ നിന്നുള്ള ഗൂഗിൾ തിരയലുകൾ തിരഞ്ഞെടുപ്പിനു ശേഷം പതിന്മടങ്ങ് വർധിച്ചു.

അതേ സമയം രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കുന്നു എന്ന് കാനഡ തീരുമാനിച്ചത് കഴി‍ഞ്ഞ ദിവസമാണ്. പദ്ധതി നിർത്തലാക്കിയതോടെ ഇന്ത്യയുൾപ്പെടെയുള്ള 14 രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾ നീണ്ട വീസാ നടപടികളിലൂടെ കടന്നുപോകേണ്ടി വരും എന്നാണ് വിലയിരുത്തൽ . ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് തീരുമാനം.

ഇന്ത്യ, ബ്രസീൽ, ചൈന. കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുമാണ് എസ്ഡിഎസ് നിർത്തലാക്കുന്നതെന്നാണ് കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്.

നവംബർ 8ന് കനേഡിയൻ സമയം ഉച്ചയ്ക്ക് 2 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ എസ്ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂവെന്ന് വെബ്സൈറ്റിൽ പറയുന്നു. ശേഷിക്കുന്ന അപേക്ഷകരും ഇനി അപേക്ഷിക്കുന്ന വിദ്യാർഥികളും സാധാരണ സ്റ്റുഡന്റ് പെർമിറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും.

Leave a Reply

Your email address will not be published. Required fields are marked *