ഇസ്ലാമോഫോബിയ പരത്തിയെന്നാരോപിച്ച് അമരൻ ചിത്രത്തിനെതിരെ പ്രതിഷേധം. തമിഴ്നാട്ടിലെ SDPI (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) പ്രവർത്തകരാണ് അമരനെതിരെ പ്രതിഷേധിക്കുന്നത്. മുസ്ലീങ്ങളെയും കശ്മീരികളെയും സിനിമയിൽ നെഗറ്റീവായി ചിത്രീകരിച്ചുവെന്നാണ് ആക്ഷേപം.
ചിത്രം അമരൻ മികച്ച പ്രതികരണങ്ങൾ നേടി ബോക്സോഫീസിൽ കുതിക്കുമ്പോൾ സിനിമക്കെതിരെ ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. പ്രതിഷേധങ്ങൾക്കിടയിൽ സംഘർഷങ്ങൾ ഉണ്ടാകാതിരിക്കാൻ അമരൻ പ്രദർശിപ്പിക്കുന്ന ചെന്നൈയിലെ തിയേറ്ററുകൾക്ക് പൊലീസ് സുരക്ഷ വർദ്ധിപ്പിച്ചു.
കമൽ ഹാസന്റെ രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമിച്ച ചിത്രമായതിനാൽ പ്രൊഡക്ഷൻ കമ്പനിയുടെ ഓഫീസിന് പുറത്ത് എസ്ഡിപിഐ പ്രവർത്തകർ എത്തി പ്രതിഷേധം രേഖപ്പെടുത്തി. അമരൻ സിനിമ ഇസ്ലാമോഫോബിയ പരത്തുന്നുവെന്നും മുസ്ലീം വിരുദ്ധവികാരം പ്രോത്സാഹിപ്പിക്കുന്നുവെന്നുമാണ് എസ്ഡിപിഐയുടെ ആരോപണം.
2014-ൽ കശ്മീരിലെ ഷോപിയാൻ ജില്ലയിൽ നടന്ന ആക്രമണത്തിൽ വീരമൃത്യു വരിച്ച തമിഴ്‌നാട് സ്വദേശിയായ മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സിനിമയാണ് അമരൻ. ഒക്ടോബർ 31-നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിൽ മുകുന്ദിന്റെ ഭാര്യ ഇന്ദുവിന്റെ കഥാപാത്രം അവിസ്മരണീയമാക്കിയ സായ് പല്ലവിക്കും അഭിനന്ദനപ്രവാഹമാണ് ലഭിക്കുന്നത്.
തീവ്ര ഇസ്ലാമിസ്റ്റുകൾ ‘അമരൻ’ സിനിമയ്‌ക്കെതിരെ രംഗത്തുവന്നെങ്കിലും രാഷ്‌ട്രീയക്കാരും സെലിബ്രിറ്റികളും അടക്കമുള്ള നിരവധി പേരാണ് അമരനെ പ്രകീർത്തിച്ച് അഭിപ്രായം രേഖപ്പെടുത്തിയത്. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, സൂപ്പർസ്റ്റാർ രജനീകാന്ത്, സൂര്യ, തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ, തമിഴ്‌നാട് കോൺഗ്രസ് അദ്ധ്യക്ഷൻ സെൽവപെരുന്തഗൈ എന്നിവരുൾപ്പെടെ പല നേതാക്കളും അമരൻ സിനിമയുടെ അണിയറപ്രവർത്തകരെ അഭിനന്ദിച്ചിരുന്നു.