സർക്കാർ കോളേജ് ​​ഗേറ്റും പരിസരവും കാവി നിറം കൊണ്ട് പെയിന്റ് ചെയ്യാൻ ഉത്തരവ്

ജയ്പൂർ സർക്കാരിന്റെ ഉത്തവ് വിവാദത്തിൽ

ജയ്പൂർ: കോളേജുകളിൽ എത്തുന്ന വിദ്യാർത്ഥികളുടെ മനസിലും ശരീരത്തിലും പോസിറ്റീവ് ഊർജം നിറയ്ക്കാൻ വേണ്ടി എന്ന് പറഞ്ഞ് കോളജ് ക്യാമ്പസുകളിൽ കാവി നിറം പെയിന്റ് ചെയ്യാൻ നിർദ്ദേശം. പെയിന്റ് ചെയ്ത് തെളിവ് സഹിതം റിപ്പോർട്ട് സമർപ്പിക്കണമെന്നും നിർദ്ദേശം. ജയ്പൂർ സർക്കാരാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. സർക്കാർ കോളേജുകളിലെ ഗേറ്റുകൾ കാവിനിറമാക്കാൻ രാജസ്ഥാനിലെ ബിജെപി സർക്കാരാണ് ഒദ്യോ​ഗിക ഉത്തരവിട്ടിരിക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിൽ പത്തുഡിവിഷനുകളിലെ ഇരുപതുകോളേജുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. വിജയമാണെന്ന് കണ്ടാൽ മറ്റുളള കോളേജുകളിലും വ്യാപിപ്പിക്കും. ഏഴുദിവസത്തിനകം പദ്ധതി പൂർണമായി നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. പെയിന്റിംഗ് പൂർത്തിയായശേഷം ചിത്രമെടുത്ത് വിദ്യാഭ്യാസ വകുപ്പിന് അയച്ചുകൊടുക്കുന്നതോടെ നടപടി പൂർത്തിയാവും. കാവി നിറം പോസിറ്റീവ് എനർജി നൽകുമെന്ന് പഠനത്തിൽ വ്യക്തമായിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്.

‘പ്രവേശിക്കുമ്പോൾ തന്നെ വിദ്യാർത്ഥികൾക്ക് പാേസിറ്റീവായി തോന്നുന്ന തരത്തിലാവണം കോളേജുകൾ. അന്തരീക്ഷത്തെക്കുറിച്ചും വിദ്യാഭ്യാസ നിലവാരത്തെക്കുറിച്ചുമെല്ലാം നല്ല സന്ദേശം സമൂഹത്തിന് കൈമാറണം. അതിനാൽ കോളേജുകളെ അത്തരത്തിൽ പുനരുജ്ജീവിപ്പിക്കേണ്ടതുണ്ട്’ കോളേജ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുന്നു.

അതേസമയം, പദ്ധതിയെ നിശിതമായി വിമർശിച്ചുകൊണ്ട് പ്രതിപക്ഷമായ കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. കാവിവത്കരണം എന്നാണ് സർക്കാർ നീക്കത്തെ അവർ വിശേഷിപ്പിക്കുന്നത്. ”സംസ്ഥാനത്ത് ആയിരക്കണക്കിന് ലക്ചറർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ചിലയിടങ്ങളിൽ കുട്ടികൾക്ക് ഇരിക്കാനുള്ള സൗകര്യങ്ങളോ, കെട്ടിടങ്ങളോ ഇല്ല. അവസ്ഥ ഇങ്ങനെയായിരിക്കെ ഗേറ്റുമാത്രം ചായം പൂശിയതുകൊണ്ട് എന്തുപ്രയാേജനം’ എന്നാണ് നാഷണൽ സ്റ്റുഡന്റ്സ് യൂണിയൻ ഒഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് വിനോദ് ജാഖർ ചോദിക്കുന്നത്. രാഷ്ട്രീയം വളർത്താൻ ഖജനാവിലെ പണം സർക്കാർ ചെലവഴിക്കുകയാണെന്നും അവർ കുറ്റപ്പെടുത്തി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments