നടൻ ഡൽഹി ​ഗണേഷ് അന്തരിച്ചു

Delhi Ganesh passes away

പ്രശസ്ത സിനിമാ നടൻ ഡൽഹി ​ഗണേഷ് (80) അന്തരിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെ ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. തമിഴ് സിനിമകളിലൂടെ തിളങ്ങിയ ​ഗണേഷ് മലയാളത്തിലും ഹിന്ദിയിലും ‍അടക്കം വിവിധ ഭാഷകളിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. 400-ൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഡൽഹി ​ഗണേഷ് തിരുനെൽവേലി സ്വദേശിയാണ്. ഇന്ത്യൻ 2 ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം.

ക്യാരക്‌ടർ വേഷങ്ങളിലൂടെ പതിറ്റാണ്ടുകളായി തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായ സ്വഭാവനടനാണ് വിടവാങ്ങിയത്.

1944 ഓഗസ്റ്റ് 1ന് ജനിച്ച ഡൽഹി ഗണേഷ്, 1976ൽ കെ.ബാലചന്ദറിന്റെ പട്ടണപ്രവേശം എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്ക് കടന്നുവരുന്നത്. തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. പത്ത് വർഷത്തോളം ഇന്ത്യൻ വ്യോമസേനയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

നായകൻ (1987), മൈക്കിൾ മദന കാമ രാജൻ (1990) എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ഡൽഹി ഗണേഷ് ഏറെ പ്രശംസ പിടിച്ചുപറ്റി. അപൂർവ സഹോദരങ്ങൾ (1989), ആഹാ..! (1997), തെന്നാലി (2000), എങ്കമ്മ മഹാറാണി (1981) എന്നീ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

രജനീകാന്ത്, കമൽഹാസൻ, വിജയകാന്ത് എന്നിവർക്കൊപ്പം നിരവധി സിനിമകളിൽ അഭിനയിച്ച ഗണേഷിന് 1979ൽ അഭിനയത്തിന് തമിഴ്നാട് സർക്കാരിന്റെ പ്രത്യേക ജൂറി പരമാർശവും ലഭിച്ചിട്ടുണ്ട്. ധ്രുവം, ദേവാസുരം, കാലാപാനി, കീർത്തിചക്ര, പോക്കിരിരാജ തുടങ്ങിയവയാണ് ഡൽഹി ഗണേഷിന്റെ മലയാള ചിത്രങ്ങൾ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments