സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ക്ഷാമ ആശ്വാസ കുടിശിക 6 ഗഡുക്കളായി ഉയർന്നതോടെ പെൻഷൻകാർക്ക് പ്രതിമാസം നഷ്ടപ്പെടുന്നത് 6 ദിവസത്തെ പെൻഷൻ തുക.
19 ശതമാനം ക്ഷാമ ആശ്വാസ കുടിശിക ആണ് 6 ഗഡുക്കളായി ലഭിക്കേണ്ടത്. അടിസ്ഥാന പെൻഷൻ്റെ തോത് അനുസരിച്ച് പ്രതിമാസ നഷ്ടം 2185 രൂപ മുതൽ 15,846 രൂപ വരെ. ആറര ലക്ഷം പെൻഷൻകാരാണ് സംസ്ഥാനത്തുള്ളത്. ഏറ്റവും കുറഞ്ഞ പെൻഷൻ 11,500 രൂപയാണ്. കൂടിയ പെൻഷൻ 83,400 രൂപയും.
25000 രൂപയിൽ താഴെയാണ് അമ്പത് ശതമാനത്തോളം പെൻഷൻകാരുടെയും പ്രതിമാസ പെൻഷൻ. സർക്കാർ നിയമസഭയിൽ തന്ന കണക്ക് പ്രകാരം 50000 രൂപക്ക് മുകളിൽ പെൻഷൻ പറ്റുന്നവർ 27, 428 പേരാണ്. പതിനൊന്നാം പെൻഷൻ പരിഷ്കരണ കുടിശികയും പൂർണ്ണമായും ഇവർക്ക് ലഭിച്ചില്ല. 3 ഗഡുക്കൾ മാത്രമാണ് ഇവർക്ക് ഇതുവരെ ലഭിച്ചത്.
സർക്കാർ 2021 ൽ പ്രഖ്യാപിച്ച 5 ശതമാനം ക്ഷാമ ആശ്വാസകുടിശികയുടെ 79 മാസത്തെ കുടിശികയും പെൻഷൻകാർക്ക് നൽകിയിട്ടില്ല. ആ ഇനത്തിൽ 19,734 രൂപ മുതൽ 1, 43,000 രൂപ വരെയാണ് പെൻഷൻകാർക്ക് നഷ്ടപ്പെട്ടത്. 19 ശതമാനം ക്ഷാമ ആശ്വാസ കുടിശിക മൂലം പെൻഷൻകാർക്ക് പ്രതിമാസം നഷ്ടപ്പെടുന്ന തുക ഇങ്ങനെ:
അടിസ്ഥാന പെൻഷൻ | പെൻഷൻകാർക്ക് പ്രതിമാസം നഷ്ടപ്പെടുന്ന തുക |
11,500 | 2185 |
18,000 | 3420 |
24,400 | 4636 |
28,500 | 5415 |
37,300 | 7087 |
45,900 | 8721 |
53,500 | 10165 |
59,600 | 11324 |
63,000 | 11970 |
74,200 | 14098 |
77,500 | 14725 |
83,400 | 15846 |