ലോകത്തെ സൂപ്പർ പവർ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിർ പുടിൻ.
നിലവിൽ മറ്റേത് രാജ്യത്തേക്കാളും അതിവേഗം വളരുന്ന സമ്പദ്വ്യവസ്ഥയാണ് ഇന്ത്യയിലേതെന്നും പുടിൻ സാക്ഷ്യപ്പെടുത്തുന്നു.
വ്യാഴാഴ്ച സോചിയിലെ വാൽഡായി ചർച്ചാ ക്ലബ്ബിന്റെ പ്ലീനറി സെഷനിൽ സംസാരിക്കവെയാണ് ഇന്ത്യയെ വാനോളം പുകഴ്ത്തിയത്. റഷ്യ ഇന്ത്യയുമായി എല്ലാ ദിശകളിലും ബന്ധം വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും ഉഭയകക്ഷി ബന്ധങ്ങളിൽ വലിയ അളവിലുള്ള വിശ്വാസമുണ്ടെന്നും പുടിൻ പറഞ്ഞു.
‘ലോകത്തിലെ എല്ലാ സമ്പദ്വ്യവസ്ഥകളിലും ഏറ്റവും വേഗത്തിലുള്ള വളർച്ച, പുരാതന സംസ്‌കാരം, തുടർ വളർച്ചയ്ക്കുള്ള നല്ല സാധ്യതകൾ എന്നിവയുള്ള, ഒന്നര ബില്യൺ ജനസംഖ്യയുള്ള ഇന്ത്യയെ സൂപ്പർ പവറുകളുടെ പട്ടികയിലേക്ക് നിസ്സംശയം ചേർക്കണം,’ അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ‘മഹത്തായ രാജ്യം’ എന്ന് വിളിച്ച പുടിൻ, സാമ്പത്തിക വളർച്ചയിൽ ഇന്ത്യ ലോകത്തിന് മുന്നിലാണെന്ന് കൂട്ടിച്ചേർത്തു. റഷ്യ ഇന്ത്യയുമായുള്ള ബന്ധം എല്ലാ മേഖലകളിലേക്കും വർദ്ധിപ്പിക്കുകയാണ്. സുരക്ഷാ, പ്രതിരോധ മേഖലകളിൽ ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം വികസിക്കുകയാണെന്നും പുടിൻ കൂട്ടിച്ചേർത്തു.
”ഇന്ത്യൻ സായുധ സേനയിൽ എത്ര തരം റഷ്യൻ സൈനിക ഉപകരണങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്ന് നോക്കൂ. ഈ ബന്ധത്തിൽ വലിയ അളവിലുള്ള വിശ്വാസമുണ്ട്. ഞങ്ങൾ ആയുധങ്ങൾ ഇന്ത്യക്ക് വിൽക്കുക മാത്രമല്ല ചെയ്യുന്നത്; ഞങ്ങൾ അവ സംയുക്തമായി രൂപകൽപ്പനയും ചെയ്യുന്നുണ്ട്. – പുടിൻ പറഞ്ഞു. ഉദാഹരണത്തിന് ബ്രഹ്‌മോസ് ക്രൂയിസ് മിസൈൽ. ‘വാസ്തവത്തിൽ, ഞങ്ങൾ ബ്രഹ്‌മോസിനെ വായുവിലും കടലിലും കരയിലും ഉപയോഗിക്കുന്നതിന് അനുയോജ്യമാക്കി. ഇന്ത്യയുടെ സുരക്ഷയ്ക്ക് വേണ്ടി നടത്തുന്ന ഈ പദ്ധതികൾ ഇനിയും തുടരും.. റഷ്യൻ പ്രസിഡന്റ് തുടർന്നു.
ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ ചില ചർച്ചകൾ നടക്കുന്നതായി സമ്മതിച്ച പുടിൻ സമീപ ഭാവിയിൽ എല്ലാവരും വിട്ടുവീഴ്ച്ചകളിലൂടെ കാര്യങ്ങൾ പരിഹരിക്കാനുള്ള മാർഗ്ഗങ്ങൾ തേടുകയാണെന്ന് പറഞ്ഞു.