റാഞ്ചി: ജാര്‍ഖണ്ഡ് ഉപതിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനാല്‍ തന്നെ പാര്‍ട്ടികള്‍ തമ്മില്‍ പോരുകള്‍ മുറുകുകയാണ്. പതിവു പോലെ തന്നെ സ്വന്തം പാര്‍ട്ടിയെ പുകഴ്ത്തലും മറ്റ് പാര്‍ട്ടിയെ ഇകഴ്ത്തലുമൊക്കയുണ്ട്. ഇപ്പോഴിതാ ബി.ജെ.പി.ക്കെതിരെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുകയാണ്. ജാര്‍ഖണ്ഡിനെ നാരങ്ങ പോലെ പിഴിഞ്ഞെടുത്തിരിക്കുകയാണ് ബിജെപിയെന്നാണ് സോറന്റെ പരാമര്‍ശം.
ബിജെപി ജാര്‍ഖണ്ഡിന്റെ സമ്പത്ത് കൊള്ളയടിച്ചു. കല്‍ക്കരി, ഇരുമ്പയിര്, ബോക്സൈറ്റ്, ഡോളമൈറ്റ് തുടങ്ങിയ ധാതുക്കളാല്‍ സമ്പന്നമാണ് ജാര്‍ഖണ്ഡ് എങ്കിലും നട്ടെല്ല് തകര്‍ത്ത കേന്ദ്ര സര്‍ക്കാരിന്റെ ജിഎസ്ടി ഭരണം ഞങ്ങളുടെ വരുമാന ശേഖരണത്തെ തടസ്സപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആവര്‍ത്തിച്ച് കത്തെഴുതിയിട്ടും സംസ്ഥാനത്തിന് നല്‍കാനുള്ള 1.36 ലക്ഷം കോടി രൂപയുടെ കല്‍ക്കരി കുടിശ്ശിക ഇതുവരെ തന്നിട്ടില്ലെന്നും സോറന്‍ വ്യക്തമാക്കി.