CricketNewsSports

തലൈവർ എന്ന സുമ്മാവാ; സഞ്ജുവിനെ വാനോളം പ്രശംസിച്ച് ഷാഫി പറമ്പിൽ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സഞ്ജു സാംസൺ നടത്തിയ വെടിക്കെട്ട് സെഞ്ച്വറിയിൽ താരത്തെ വാനോളം പുകഴ്ത്തി ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള അഭിനന്ദനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. മലയാളി താരമെന്ന നിലയിൽ മലയാളികളും സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം ആഘോഷരാവാക്കിമാറ്റിയിരിക്കുകയാണ്. ഇതിനിടെ സഞ്ജുവിന്റെ സെഞ്ച്വറി നേട്ടത്തിൽ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റുമായി എത്തിയിരിക്കുകയാണ് വടകര എം പി കൂടിയായ ഷാഫി പറമ്പിൽ.

തലൈവർ എന്നാ സുമ്മാവാ എന്ന തലക്കെട്ടോടെയാണ് ഷാഫി പറമ്പിലിന്റെ പോസ്റ്റ്.
സന്തോഷവും അഭിമാനവും എങ്ങിനെയാ പറയാന്ന് അറിഞ്ഞൂടാ എന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.

അതേ സമയം ബംഗ്ലാദേശിനെതിരെയുള്ള വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്ക്കെതിരെയും സെഞ്ച്വറി നേടിയതോടെ അപൂർവ നേട്ടം സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ. ഇതാദ്യമാണ് ഒരു ഇന്ത്യൻ താരം ടി20 യിൽ തുടർച്ചയായ രണ്ടാം സെഞ്ച്വറി സ്വന്തമാക്കുന്നത്. ഡർബനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ വെറും 47 പന്തിലാണ് താരം തന്റെ തുടർച്ചയായ രണ്ടാം സെഞ്ച്വറി നേടിയത്. 107 റൺസ് നേടി സഞ്ജു പുറത്താകുമ്പോൾ വെറും 50 പന്തുകളിൽ നിന്ന് പത്ത് സിക്സറുകളാണ് സഞ്ജു നേടിയത്. ഏഴ് ഫോറുകളും താരം നേടി.

സഞ്ജു സാംസൺ ഒറ്റയ്ക്ക് നയിച്ച മത്സരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ട്വൻ്റി 20 മത്സരത്തിൽ ഇന്ത്യ 61 റൺസിന്റെ ജയം നേടുകയും ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 17.5 ഓവറിൽ 141 റൺസിന് ഓൾ ഔട്ടായി. രവി ബിഷ്‌ണോയിയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം നേടി. ആവേശ് ഖാൻ രണ്ട് വിക്കറ്റ് നേടി. 25 റൺസെടുത്ത ക്ലാസൻ, 23 റൺസെടുത്ത കോട്ട്സി , 21 റൺസെടുത്ത റയാൻ എന്നിവരാണ് പ്രോട്ടീസ് നിരയിൽ തിളങ്ങിയത്. സഞ്ജുവിനെ കൂടാതെ തിലക് വർമ (33),സൂര്യകുമാർ യാദവ് (21) എന്നിവർ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം നടത്തിയത്

Leave a Reply

Your email address will not be published. Required fields are marked *