തിരുവനന്തപുരം: സംസ്ഥാനത്ത് ആകെ പുകഞ്ഞ് ഐഎഎസ് ഉദ്യോഗസ്ഥ സംഘം. മതാടിസ്ഥാനത്തിൽ വാട്‌സാപ്പ് ഗ്രൂപ്പ് വിവാദം സജീവമായിരിക്കുമ്പോൾ തന്നെ ഉന്നതിയിലെ ഫയലുകൾ കാണാതായെന്ന മാതൃഭൂമി വാർത്തയും അതിനുള്ള എൻ പ്രശാന്തിന്റെ മറുപടിയും വലിയ ചർച്ചയാകുകയാണ്. ഫയൽ കാണാനില്ലെന്ന വാർത്ത പ്രസിദ്ധീകരിച്ച അന്ന് രാത്രിയോടെ മറുപടി പോസ്റ്റ് ചെയ്ത പ്രശാന്തിനെതിരെ അടുത്ത ദിവസവും വാർത്ത നൽകിയാണ് മാതൃഭൂമി വിവാദത്തിന്റെ മുന്നിൽ നിൽക്കുന്നത്.
ഹാജർ വ്യാജം എന്നായിരുന്നു മാതൃഭൂമിയുടെ വാർത്ത. അഡീഷണൽ ചീഫ് സെക്രട്ടറി എ. ജയതിലക് ഇങ്ങനൊരു റിപ്പോർട്ട് സമർപ്പിച്ചുവെന്നതാണ് വാർത്തയുടെ അടിസ്ഥാനമായി പറയുന്നത്. ഇതോടെ ജയതിലകിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ് എൻ പ്രശാന്ത്.
എനിക്കെതിരെ റിപ്പോർട്ടുകൾ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമർപ്പിക്കുന്ന അവരുടെ സ്‌പെഷ്യൽ റിപ്പോർട്ടർ ഡോ. ജയതിലക് ഐഎഎസ് എന്ന സീനിയർ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകൾ അറിയിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുകയാണ്. സർക്കാർ ഫയലുകൾ പൊതുജന മധ്യത്തിൽ ചർച്ച ചെയ്യേണ്ടി വരുന്നത് എനിക്ക് ഇഷ്ടമല്ലെങ്കിലും, തൽക്കാലം വേറെ നിർവ്വാഹമില്ല. വിവരാവകാശ പ്രകാരം പോതുജനത്തിന് അറിയാൻ അവകാശമുള്ള കാര്യങ്ങൾ മാത്രമാണ് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നത് – എന്ന് പറഞ്ഞാണ് പ്രശാന്ത് മാതൃഭൂമി വാർത്തയെ തള്ളിക്കളയുന്നത്.
ബഹു. മന്ത്രിയുടെ അനുമതിയോടെയും നിർദ്ദേശപ്രകാരവും ഫീൽഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാൻ പോകുമ്പോൾ ‘അദർ ഡ്യൂട്ടി’ മാർക്ക് ചെയ്യുന്നതിനെ ‘ഹാജർ ഇല്ല’ എന്ന് വ്യാജമായി റിപ്പോർട്ടാക്കണമെങ്കിൽ അതിനുപിന്നിൽ എന്ത് മാത്രം കഷ്ടപ്പാട് ഉണ്ട്! ആ സമയത്ത് അവനവന്റെ ജോലി ചെയ്തൂടേ എന്ന് ചോദിക്കുന്നില്ലെന്നും മാതൃഭൂമിക്കെതിരെ പ്രശാന്തിന്റെ വാക്കുകൾ. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമർപ്പിച്ച റിപ്പോർട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിൽ ഇരിക്കെയാണ് സമൂഹമാധ്യമത്തിലൂടെ പ്രശാന്തിന്റെ രൂക്ഷവിമർശനം.
ഹിന്ദു വാട്സാപ്പ് ഗ്രൂപ്പിൽ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെതിരെയും പരാമർശമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓർമശക്തി ഹാക്ക് ചെയ്തതാണോ എന്ന് സംശയമെന്നും പ്രശാന്ത് പറഞ്ഞു. കുസൃതി ഒപ്പിച്ച് പരാതിപ്പെടുന്ന പ്രവണത ഐഎഎസുകാരിൽ കൂടിവരുന്നുവെന്ന് പ്രശാന്ത് പരിഹസിക്കുന്നുമുണ്ട്. പട്ടികജാതി-വർഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിർവഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവർമെന്റ് സൊസൈറ്റി) ഫയലുകൾ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാർത്ത പുറത്തുവന്നിരുന്നു.
ഉന്നതിയുടെ പ്രവർത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷണൽ സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. പട്ടികജാതി-വർഗ വകുപ്പ് സ്പെഷൽ സെക്രട്ടറിയായിരുന്ന എൻ. പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോർട്ടിലുള്ളതെന്നാണു സൂചന. ഇതിനു പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷവിമർശനം നടത്തിയിരിക്കുന്നത്.
വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. രേഖകൾ ആവശ്യപ്പെട്ട് പ്രശാന്തിന് കത്തുനൽകി രണ്ടു മാസത്തിനു ശേഷമാണ് രണ്ട് കവർ മന്ത്രിയുടെ ഓഫിസൽ എത്തിച്ചത്. കവറുകളിൽ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ ഇല്ലെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്.
മതാടിസ്ഥാനത്തിൽ ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്സാപ് ഗ്രൂപ്പുകളുണ്ടാക്കിയ സംഭവത്തിൽ വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കെ.ഗോപാലകൃഷ്ണൻ സംശയത്തിന്റെ നിഴലിൽ നിൽക്കുന്നതിനിടെയാണ് കഴിഞ്ഞ ദിവസം എൻ.പ്രശാന്തിനെതിരായ ഫയൽ വിവാദം പൊട്ടിപ്പുറപ്പെട്ടത്. വാട്സാപ്പ് ഗ്രൂപ്പ് വിവാദത്തിൽനിന്ന് ശ്രദ്ധതിരിക്കാനുള്ള നീക്കമാണിതെന്നാണ് ഒരു വിഭാഗം ഉദ്യോഗസ്ഥർ പറയുന്നത്. അതേസമയം, കെ. ഗോപാലകൃഷ്ണൻ ഐഎഎസിന്റെ കാര്യവും കുഴപ്പത്തിലാണ്. മല്ലു ഹിന്ദു വാട്ട്‌സാപ്പ് ഗ്രൂപ്പ് വിവാദം മറയ്ക്കാനാണോ മാതൃഭൂമിയിലെ ഉന്നതി വാർത്തയെന്ന സംശയം ഉയർത്തുന്നവരും ഉണ്ട്.
മതാടിസ്ഥാനത്തിലുള്ള വാട്സാപ്പ് ഗ്രൂപ്പ് രൂപീകരണത്തിൽ ഐഎഎസ് ഉദ്യോഗസ്ഥനായ കെ ഗോപാലകൃഷ്ണന് കുരുക്കായി മാറിയത് ‘മല്ലു മുസ്ലീം ഓഫ്’ എന്ന ഗ്രൂപ്പിന്റെ രൂപീകരണമാണ്. ആദ്യം മല്ലു ഹിന്ദു ഓഫ് എന്ന ഗ്രൂപ്പാണുണ്ടാക്കിയത്. ഇത് ചില ഐഎഎസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ ഗോപാലകൃഷ്ണനും പ്രശ്നത്തിന്റെ ഗൗരവം പിടികിട്ടിയെന്നാണ് സൂചന. പിന്നാലെ മല്ലു മുസ്ലീം ഗ്രൂപ്പ് ഉണ്ടായി. ഇതിന്റെ അഡ്മിനും ഗോപാലകൃഷ്ണനാണ്. ഈ ഗ്രൂപ്പിൽ ആദ്യം ചേർത്തത് അദിലാ അബ്ദുള്ള എന്ന ഐഎഎസുകാരിയെയാണ്. ഗ്രൂപ്പ് ശ്രദ്ധയിൽ പെട്ടതും അദില്ല മറു ചോദ്യം അഡ്മിനോട് ചോദിച്ചു. എന്താണ് ഇതെന്നായിരുന്നു ഇഗ്ലീഷിലുള്ള ചോദ്യം.
എന്നാൽ എന്നോട് ഇത്തരത്തിലൊന്ന് തുടങ്ങാൻ ആവശ്യപ്പെട്ടു എന്ന സന്ദേശമാണ് അഡ്മിന്റെ ഫോണിൽ നിന്നും അദിലാ അബ്ദുള്ളയ്ക്ക് ലഭിച്ചത്. അവർ ഇത് ഗൗരവത്തിലെടുത്തു. സ്‌ക്രീൻ ഷോട്ട് സഹിതം പരാതിയും നൽകി. ഈ പരാതിയും മറുപടിയും ഗോപാലകൃഷ്ണന് വിനയാകും. ഇതിന് ശേഷമാണ് തന്റെ ഫോൺ ഹാക്ക് ചെയ്തെന്ന പരാതിയുമായി ഗോപാലകൃഷ്ണൻ പോലീസിന് മുന്നിലെത്തിയത്. ഇതിന് പിന്നിലും ദൂരൂഹത കാണുകയാണ് സർക്കാരും പോലീസും.
അദിലാ അബ്ദുള്ളയുടെ പരാതി കൂടി കണക്കിലെടുത്താണ് അതിവേഗ അന്വേഷണത്തിന് മുഖ്യമന്ത്രി പോലീസിന് നിർദ്ദേശം നൽകിയത്. ഗോപാലകൃഷ്ണൻ പോലീസിന് നൽകിയ മൊഴി കളവാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയും ചെയ്തു. ഈ റിപ്പോർട്ട് ഉടൻ ആഭ്യന്തര വകുപ്പിന് തിരുവനന്തപുരം കമ്മീഷണർ കൈമാറും. ഇതോടെ ഗോപാലകൃഷ്ണനെതിരെ നടപടിയും വരും.
വിഴിഞ്ഞം തുറമുഖ കമ്പനി എംഡിയായിരുന്നു മുമ്പ് ഗോപാലകൃഷ്ണൻ. എന്നാൽ അദാനി പോർട്ടുമായുള്ള പ്രശ്നങ്ങൾ കാരണം ആ ചുമതലയിൽ നിന്നും പുറത്തായി. പിന്നീട് വ്യവസായ വകുപ്പ് ഡയറക്ടറായി ഈ തമിഴ്നാട്ടുകാരൻ. കേന്ദ്ര സർക്കാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമാണ് ഹിന്ദു മല്ലു ഓഫ് എന്ന ഗ്രൂപ്പുണ്ടാക്കിയതെന്നും അത് പിടിക്കപ്പെടുമെന്ന സാഹചര്യം വന്നപ്പോൾ മല്ലു മുസ്ലീം ഓഫ് എന്ന ഗ്രൂപ്പു കൂടി ഗോപാലകൃഷ്ണൻ ഉണ്ടാക്കുകയായിരുന്നുവെന്നുമുള്ള വാദം ശക്തമാണ്. ഇതിലെ സൂചനകളാണ് പോലീസ് റിപ്പോർട്ടിലുമുള്ളത്. ഏതായാലും അദിലാ അബ്ദുള്ളയുടെ പരാതിയും സ്‌ക്രീൻ ഷോട്ടും അന്വേഷണത്തിൽ നിർണ്ണായകമായി മാറും.