KeralaNews

മല്ലു ഹിന്ദു ഓഫിസേഴ്‌സ്’ വാട്‌സ്‌ആപ്പ് ഗ്രൂപ്പ്; അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് കൈമാറും; കെ ഗോപാലകൃഷ്‌ണന് കുരുക്ക്

തിരുവനന്തപുരം : ഐഎഎസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വ്യവസായ വകുപ്പ് സെക്രട്ടറിയും ഐഎഎസ് ഉദ്യോഗസ്ഥനുമായ കെ ഗോപാലകൃഷ്‌ണന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ വിവാദത്തിൽ പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ഡിജിപി ഇന്ന് സർക്കാരിന് കൈമാറും. മൊബൈൽ ഫോൺ ഹാക്ക് ചെയ്തിട്ടില്ലെന്ന കണ്ടെത്തലാണ് ഫോറൻസിക് പരിശോധനയിലും മെറ്റയുടെ റിപ്പോർട്ടിലുമുള്ളത്. പോലീസ് റിപ്പോർട്ട് പരിശോധിച്ചതിനു പിന്നാലെ വ്യവസായ സെക്രട്ടറി ഗോപാലകൃഷ്ണനോട് വിശദീകരണം തേടും. തുടർന്ന് ഗോപാലകൃഷ്ണനെതിരെ നടപടി ഉണ്ടാകാനാണ് സാധ്യത.

അതേസമയം, തിരുവനന്തപുരം സിറ്റി പോലീസ് കമ്മിഷണറോടും ചീഫ് സെക്രട്ടറിയോടും തന്‍റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഗോപാലകൃഷ്‌ണന്‍റെ വിശദീകരണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ പോലീസ് ആവശ്യപ്പെട്ട വിശദീകരണത്തില്‍ ഫോണ്‍ ഹാക്ക് ചെയ്‌തിട്ടില്ലെന്നാണ് വാട്‌സ്ആപ്പിന്‍റെ മാതൃ കമ്പനിയായ മെറ്റ പോലീസിന് വിശദീകരണം നല്‍കിയത്.

ഹാക്കിംഗ് തെളിയണമെങ്കിൽ ഫോണുകള്‍ ഫോർമാറ്റ് ചെയ്യാൻ പാടില്ലായിരുന്നു. പരാതിക്കാരൻ തന്നെ ഫോൺ ഫോ‌ർമാറ്റ് ചെയ്തതിനാൽ തെളിവുകള്‍ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അതിനാൽ കേസെടുത്ത് അന്വേഷണം നടത്താനാകില്ലെന്നാണ് കമ്മീഷണർ ഡിജിപിയെ അറിയിച്ചത്. പൊലിസ് റിപ്പോർട്ടിന് ശേഷം ഗോപാലകൃഷ്ണനോട് വിശദീകരണം തേടാനിരിക്കുകയാണ് ചീഫ് സെക്രട്ടറി. ഹാക്കിങ് നടന്നതിന് തെളിവില്ലാത്തിനാൽ എന്താണ് സംഭവിച്ചതെന്ന് ഇനി രേഖമൂലം വിശദീകരിക്കേണ്ടത് കെ.ഗോപാലകൃഷ്ണനാണ്. അതിന് ശേഷം സർക്കാർ തുടർ നടപടിയിലേക്ക് നീങ്ങും.

Leave a Reply

Your email address will not be published. Required fields are marked *