നിയുക്ത പ്രസിഡന്റ് ട്രംപിനെ വധിക്കാൻ ഇറാൻ ഏജന്റുമാരുടെ പദ്ധതി; ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ്

വാഷിംഗ്‌ടൺ: തിരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ഇറാൻ ഏജന്റുമാർ പദ്ധതിയിട്ടതായി അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ. പ്രസിഡന്റ് ആയി ചുമതല ഏൽക്കുമുന്നെ തന്നെ ട്രംപിന് ഭീഷണിയുണ്ടെന്ന് ഇന്നലെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശദമാക്കി. ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡിന്റെ നിർദ്ദേശം പ്രകാരം ട്രംപിനെ വധിക്കാനുള്ള പദ്ധതിയിട്ട ഇറാൻ പൗരനെതിരെ കുറ്റം ചുമത്തിയതായി ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

2024 ഒക്ടോബർ 7ന് ഫർഹാദ് ഷാക്കേരി എന്നയാളെ ട്രംപിനെ വധിക്കാൻ ചുമതലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇറാന്റെ എലൈറ്റ് റെവല്യൂഷണറി ഗാർഡ് നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചില്ലെന്നാണ് ഫർഹാദ് ഷാക്കേരി പറഞ്ഞെതെന്നാണ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കുന്നത്.

എന്നാൽ വെളിപ്പെടുത്തലിനെതിരെ രൂക്ഷമായി ഇറാൻ വിദേശകാര്യ മന്ത്രാലയം വക്താവ് ഇസ്മയിൽ ബാഗ്ഹേയി പ്രതികരിച്ചു. ഇത് ഇസ്രയേലിന്റെയും, രാജ്യത്തിന് പുറത്ത് ഇറാനെ എതിർക്കുന്നവരും ഒത്തുചേർന്ന് തയ്യാറാക്കിയ തെറ്റായ അവകാശവാദമാണെന്ന് ഇസ്മയിൽ ബാഗ്ഹേയി പറഞ്ഞു.

തെഹ്റാനിൽ താമസമാക്കിയ റെവല്യൂഷണറി ഗാർഡിന്റെ സ്വന്തം പ്രവർത്തകനായിട്ടാണ് 51കാരനായ ഫർഹാദ് ഷാക്കേരിയെ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വിശേഷിപ്പിക്കുന്നത്. ചെറിയ കുട്ടിയായിരുന്നപ്പോൾ അമേരിക്കയിലേക്ക് കുടിയേറുകയും, 2008 – ൽ മോഷണക്കേസിൽ നാടുകടത്തപ്പെട്ടയാളായ ഫർഹാദ് ഷാക്കേരിക്ക് ഇറാനിൽ ശക്തമായ ബന്ധങ്ങളുണ്ടെന്നും ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് പ്രോസിക്യൂട്ടർമാർ വ്യക്തമാക്കി.

ന്യൂയോർക്കിൽ വെച്ച് ഇറാനിയൻ വംശജനായ ഒരു യുഎസ് പൗരനെ കൊല്ലാനുള്ള പദ്ധതിയിൽ ഇയാളെ സഹായിച്ച അമേരിക്കക്കാരായ രണ്ട് പേർക്കെതിരെയും കുറ്റം ചുമത്തിയിട്ടുണ്ട്. കാർലിസ്‌ലെ റിവേര, ജോനാഥൻ ലോഡ്‌ഹോൾട്ട് എന്നിവരെ ജയിൽവാസ കാലത്താണ് ഫർഹാദ് ഷാക്കേരി പരിചയപ്പെടുന്നത്.

എന്നാൽ ആരെയാണ് ഇയാൾ കൊല്ലാൻ പദ്ധതിയിട്ടതെന്ന വിവരം പ്രോസിക്യൂട്ടർമാർ വിശദമാക്കിയില്ലെന്നാണ് റോയിട്ടേഴ്സ് വിശദമാക്കുന്നത്. എന്നാൽ ഇത് ഇറാനിലെ ശിരോവസ്ത്ര നിയമങ്ങളെ വിമർശിച്ച ജേണലിസ്റ്റും അവകാശ പ്രവർത്തകയുമായ മസിഹ് അലിനെജാദ് ആണെന്നാണ് ലഭ്യമാകുന്ന സൂചനകളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments